ലോകനികുതി രീതി പൊളിച്ചെഴുതാന്‍ ജി 7 രാജ്യങ്ങള്‍: ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനം നികുതി

ലണ്ടന്‍: ലോകനികുതി രീതി പൊളിച്ചെഴുതാന്‍ ജി 7 രാജ്യങ്ങളുടെ തീരുമാനം. ലണ്ടനില്‍ ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ ആണ് ചരിത്ര തീരുമാനമുണ്ടായത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് കുറഞ്ഞത് 15 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനം. വന്‍തോതില്‍ നികുതി ഇളവ് നല്‍കുന്ന ചെറു രാജ്യങ്ങളെ ആസ്ഥാനമാക്കി മാറ്റുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിച്ച് വരുമാനത്തിന് ആനുപാതികമായ നികുതി അടയ്ക്കുന്നതില്‍നിന്ന് ‘നിയമപരമായി’ ഒഴിവാകുകയും ചെയ്യുന്ന കോര്‍പറേറ്റ് രീതി അവസാനിപ്പിക്കാന്‍ വര്‍ഷങ്ങളായി നടക്കുന്ന ചര്‍ച്ചയാണ് ഫലം കണ്ടതെന്ന് ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനാക് പറഞ്ഞു.

വിവിധ രാജ്യങ്ങള്‍ നികുതി ഇളവ് നല്‍കി വന്‍കിട കമ്പനികളെ നാട്ടിലേക്ക് ആകര്‍ഷിച്ചു വരുന്നു. ഇവര്‍ക്ക് നല്‍കുന്ന ഇളവുകള്‍ പൊതു ഖജനാവിനെ സാരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. കോവിഡ് കാലത്ത് ആകെ തകിടം മറിഞ്ഞ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ മിക്ക രാജ്യങ്ങള്‍ക്കും ഈ ഇളവുകള്‍ പിന്‍വലിച്ചേ മയതിയാകൂ എന്ന നില വന്നു.ഇന്റര്‍നെറ്റ് അധിഷ്ഠിതമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നികുതി ചുമത്തുന്നത് എങ്ങനെയെന്നതിലും ആശയക്കുഴപ്പമുണ്ടായിരുന്നു. അമേരിക്കയാണ് അടുത്തിടെ 15 ശതമാനം നികുതിയെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചു.

Share
അഭിപ്രായം എഴുതാം