പത്തനംതിട്ട: അശരണര്‍ക്കും രോഗബാധിതര്‍ക്കും സൗജന്യ ഭക്ഷണവുമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട: കോവിഡ് കാലത്ത് അശരണര്‍ക്കും രോഗബാധിതരായ നിരാലംബര്‍ക്കും ജനകീയ ഹോട്ടല്‍ വഴി സൗജന്യ ഭക്ഷണം വിതരണം ചെയ്യുകയാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. സന്നദ്ധസേവകര്‍ മുഖേനയാണ് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. 13 വാര്‍ഡുകളിലായി അഞ്ചു പേര്‍ വീതം അടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടുന്നുണ്ട്. ആര്‍.ആര്‍.ടി ഉള്‍പ്പെടെ ഒരു വാര്‍ഡില്‍  പത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

കോവിഡ് നിയന്ത്രണ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍വക്ഷി യോഗങ്ങള്‍ നടത്തിവരുന്നു.  ഓരോ വാര്‍ഡുകളിലെയും വീടുകളെ 50-60 വരെയുള്ള ക്ലസ്റ്ററുകളായി തിരിച്ച്, ക്ലസ്റ്റകളുടെ നിരീക്ഷണ ചുമതല വാര്‍ഡുതല സമിതി അംഗങ്ങളെ ഏല്‍പ്പിച്ചാണ് പഞ്ചായത്ത് രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്തുന്നത്.

ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ്പ് ഡെസ്‌കും പഞ്ചായത്തിലുണ്ട്. 

പഞ്ചായത്തില്‍ സജ്ജമാക്കിയിട്ടുള്ള വാര്‍ റൂം, വാര്‍ഡ് തല കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുകയും, വാര്‍ഡ് തലസമിതി അംഗങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുന്നു. വാര്‍ഡ് തലസമിതികള്‍ എല്ലാ വാര്‍ഡുകളിലും യോഗം ചേര്‍ന്ന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാനുകള്‍ തയാറാക്കി നടപ്പിലാക്കുന്നു.  

അവശ്യഘട്ടങ്ങളില്‍ സര്‍വീസ് നടത്തുന്നതിന് ഒരു ആംബുലന്‍സ് പഞ്ചായത്തില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൂടാതെ ഓട്ടോറിക്ഷകള്‍, ഒരു ടാക്‌സി ഓട്ടോ എന്നിവ ഏതു സമയത്തും ലഭ്യമാകുന്ന തരത്തില്‍ സജ്ജമാക്കി. പഞ്ചായത്തില്‍ ഡെമിസിലറി കെയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഇവിടെ രോഗികളെ ശുശ്രൂഷിക്കാന്‍ സ്റ്റാഫ് നേഴ്‌സ്, കെയര്‍ ടേക്കര്‍മാര്‍, സെക്യൂരിറ്റി എന്നിവരുടെ  സേവനം ലഭ്യമാണ്.

തുമ്പമണ്‍ സി.എച്ച്.സി, ഹോമിയോ, ആയുര്‍വേദം എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായി കാണുന്ന വാര്‍ഡുകളില്‍ ആന്റിജന്‍ പരിശോധന ഉള്‍പ്പെടെ നടത്തുന്നതിനുള്ള സംവിധാനങ്ങളും ഗ്രാമപഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം