ടൗട്ടേ ചുഴലിക്കാറ്റ്; മുംബൈയിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈയിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. സുമേഷ് മരിച്ചു എന്ന വിവരം 21/05/21 വെളളിയാഴ്ച ബന്ധുക്കൾക്ക് ലഭിച്ചു.

വടുവൻചാൽ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു സുമേഷ്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊൻകുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകൻ സസിൻ ഇസ്മയിൽ (29) എന്നിവരാണ് മരിച്ച മറ്റു രണ്ടു മലയാളികൾ.

കണ്ണൂർ ഏരുവേശ്ശി സ്വദേശി വലിയപറമ്പിൽ താന്നിക്കൽ വീട്ടിൽ ജോസഫിന്റെയും നിർമലയുടെയും മകൻ സനീഷ് ജോസഫിനെ (35) കാണാതായിട്ടുമുണ്ട്.

ഇതുവരെ 49 പേർ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങൾ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. 37 പേർക്കായി തിരച്ചിൽ തുടരുന്നു.

സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹിയിലെ ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു ജോമിഷ് ജോസഫ്. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്.

ഭാര്യ: ജോയ്സി. മക്കൾ: ജോന തെരേസ ജോമിഷ്, ജോൽ ജോൺ ജോമിഷ്. ഒ.എൻ.ജി.സി.യുടെ പി. 305 നമ്പർ ബാർജിലായിരുന്നു സസിൻ ഉണ്ടായിരുന്നത്. സിൽവി ഇസ്മയിലാണ് അമ്മ. സഹോദരങ്ങൾ: സിസിന, മിസിന.

Share
അഭിപ്രായം എഴുതാം