എറണാകുളം: ചെല്ലാനത്ത് കരുതലും ആശ്വാസവുമായി ഔദ്യോഗിക സംവിധാനങ്ങൾ

എറണാകുളം: കടലാക്രമണ കെടുതികളോട്  പൊരുതാൻ ചെല്ലാനത്തുകാർക്കൊപ്പം ചേർന്ന് ജില്ലയിലെ സർക്കാർ സംവിധാനങ്ങൾ. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ടതും ചെളി നിറഞ്ഞതുമായ വീടുകൾ, പൊതു സ്ഥാപനങ്ങൾ, റോഡുകൾ എന്നിവ വൃത്തിയാക്കി ജില്ലാ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ ദൗത്യം തീരദേശ ജനതയ്ക്ക് ആത്മവിശ്വാസം പകർന്നു. വീടുകൾക്ക് സംരക്ഷണം ഒരുക്കുവാനും കടലെടുത്ത ഇടങ്ങളിലും ചെളി നിറഞ്ഞ ഇടവഴികളിലും ഉപയോഗിക്കുന്നതിനായി പതിനെട്ടായിരത്തിലധികം ചാക്കുകളും ചെല്ലാനത്തുകാർക്കായി ശേഖരിച്ച് നൽകാൻ ജില്ലാ ഫയർ ഓഫീസർ എ.എസ് ജോജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചു.

വ്യാഴാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് നാല് മണിവരെ നീണ്ടു നിന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി വീടുകൾക്ക് പുറമേ പൊതു ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസ് എന്നിവയും ശുചീകരിച്ചു. ഫയർ ഫോഴ്സിൽ നിന്നും സിവിൽ ഡിഫൻസ് സംഘാംഗങ്ങൾ ഉൾപ്പെടെ 136 പേർ സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി പ്രസാദിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും തദ്ദേശീയരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വീടുകളും വഴികളും പൊതു സ്ഥാപനങ്ങളും വൃത്തിയാക്കിയതിലുപരി ചെല്ലാനം നിവാസികളിൽ ആത്മവിശ്വാസവും ആശ്വാസവും പകരാൻ ഔദ്യോഗിക സംവിധാനങ്ങൾക്ക് സാധിച്ചു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തിൽ ചെല്ലാനം നിവാസികൾക്ക് സാധ്യമായ  എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ തീരുമാനിച്ചിരുന്നു. 

ജില്ലയിലെ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചെല്ലാനത്തേക്ക് കുടിവെള്ളം എത്തിക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി എസ്.പി കെ. കാർത്തിക് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ ഗുളികകൾ, കൈയ്യുറകൾ, ശുചീകരണ സാമഗ്രികൾ എന്നിവയും വിതരണം ചെയ്തു.

Share
അഭിപ്രായം എഴുതാം