എറണാകുളം: കുടുംബങ്ങളിലേക്ക് അങ്കണവാടികൾ…. അനീമിയ ക്യാമ്പയ്ൻ നടത്തി

കാക്കനാട്: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അനീമിയ ക്യാമ്പയ്ൻ 12 ന്റെ ഭാഗമായി ഐ സി ഡി എസ് ന്റെ വിവിധ വിഭാഗം ഗുണഭോക്താക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ ജില്ലയിലെ 2858 അങ്കണവാടികൾ കേന്ദ്രീകരിച്ച് നടന്നു. കോവിഡ്  പശ്ചാത്തലത്തിൽ ഓൺലൈനായി ആണ്  ഐ സി ഡി എസ് സ്റ്റാഫും അങ്കണവാടി പ്രവർത്തകരും പരിപാടികൾ സംഘടിപ്പിച്ചത്. 3 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെയും പ്രീസ്കൂൾ കുട്ടികളുടെയും രക്ഷകർത്താക്കൾ,  കൗമാരപ്രായത്തിലുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, 45 വയസിൽ താഴെയുള്ള സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം ആയാണ് ക്ലാസുകൾ  നടത്തിയത്. ഓൺലൈനായി ക്ലാസുകൾ നടത്തുമ്പോൾ കൂടുതൽ ഗുണഭോക്താക്കൾക്ക്  കുടുംബസഹിതം പങ്കെടുക്കാൻ സാധിക്കുന്നു എന്നത് പരിപാടികളുടെ  ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് വളരെ  പ്രയോജനം ചെയ്യുന്നു.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ൽ എത്തിച്ച്‌ ഒരു വർഷം കൊണ്ട് അനീമിയ ബാധിതരുടെ എണ്ണം കുറക്കുക എന്നതാണ് ക്യാമ്പയിൻ 12 ന്റെ ലക്ഷ്യം
ഇതേപോലുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് പുറമെ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവർക്കും മരുന്ന്, ഭക്ഷണം മുതലായവ എത്തിക്കുന്നതിനും കോവിഡ് വാർറൂം ഡ്യൂട്ടി ചെയ്യുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഒക്കെ വളരെ സജീവമായി ജില്ലയിലെ അങ്കണവാടി പ്രവർത്തകർ സദാ പ്രവർത്തന നിരതരായി, സേവന സന്നദ്ധരായി എപ്പോഴും ഒപ്പമുണ്ട്, ആരും ഒറ്റയ്ക്കല്ല എന്ന്  ആശ്വാസം പകരുന്നു.

Share
അഭിപ്രായം എഴുതാം