തിരുവനന്തപുരം: മേയ് 16 വരെ അതിതീവ്ര മഴയും കാറ്റും

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത 24 മണിക്കൂറിൽ ശക്തി വർധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ പ്രവചിക്കപ്പെട്ടിരിക്കുന്ന സഞ്ചാര പഥത്തിൽ കേരളമില്ല. എന്നാൽ കേരളത്തിൽ മെയ് 16 വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടൽക്ഷോഭവും തുടരും.കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകും. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരവും.

കാറ്റിന്റെ സ്വാധീനം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ളത് കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. സമീപ ജില്ലകളിലും കാറ്റ് പ്രതീക്ഷിക്കാം. അതുകൊണ്ട് ശക്തമായ കാറ്റുമൂലമുള്ള അപകടങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മറ്റ് വസ്തുക്കൾ എന്നിവ സുരക്ഷിതമാക്കി മാറ്റണം. ഓരോ കുടുംബവും അവരവരുടെ ഭൂമിയിലെ മരങ്ങൾ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ചില്ലകൾ വെട്ടിക്കളയണം. അതുപോലെ ചെറിയ ചാലുകൾ തടസപ്പെട്ടിട്ടില്ല എന്നും ഉറപ്പുവരുത്തണം.
അതിതീവ്ര മഴ തുടരുകയാണെങ്കിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം, വെള്ളക്കെട്ട്,  മലയോര മേഖലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

കടൽക്ഷോഭവും തുടരുമെന്നാണ് കാണുന്നത്. ഇവിടങ്ങളിലൊക്കെയുള്ള അപകടാവസ്ഥയിലുള്ള ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തദ്ദേശ സ്ഥാപനങ്ങളും റവന്യൂ വകുപ്പും ചേർന്ന് തയ്യാറാക്കിവെച്ച സുരക്ഷിത ക്യാമ്പുകളിലേക്ക് അധികൃതരുടെ നിർദേശം ലഭിക്കുന്ന മുറക്ക് മാറി താമസിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ കേന്ദ്ര-സംസ്ഥാന സേനകൾ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ മുൻകരുതലായി വിന്യസിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിലവിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുള്ളത്. കരസേനയുടെ ഡിഎസ്സി ഒരു ടീമിനെ കാസർകോടും  രണ്ട് ടീമുകളെ കണ്ണൂരും വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ 2 സംഘങ്ങൾ തിരുവനന്തപുരത്ത് സ്റ്റാൻഡ്‌ബൈ ആയി സജ്ജമാണ്. ഒരു എഞ്ചിനിയറിങ് ടാസ്‌ക് ഫോഴ്‌സ് ബംഗളുരുവിൽ തയ്യാറായി നിൽക്കുന്നുണ്ട്. വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തിയിരിക്കുന്നു. ഇവരെ സംസ്ഥാന പോലീസും അഗ്‌നിശമന രക്ഷാസേനയും പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് വളണ്ടിയർമാരും സഹായിക്കും.

മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും. കടലിലുണ്ടായിരുന്ന മത്സ്യ തൊഴിലാളികളെ സുരക്ഷിതമായി മുൻകൂട്ടി തന്നെ കരയ്‌ക്കെത്തിക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾഫ്രീ നമ്പറിൽ ഇഒസിയുമായി ബന്ധപ്പെടാം.

Share
അഭിപ്രായം എഴുതാം