കറുകച്ചാലിൽ യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ, കൊലപാതകത്തിലെത്തിയത് വിവാഹത്തിന് സംഭാവന നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം

കോട്ടയം: കോട്ടയം കറുകച്ചാലിൽ സ്വകാര്യബസ് ഡ്രൈവറായ യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുലാണ് ശനിയാഴ്ച മരിച്ചത്. സംഭവത്തിൽ തോട്ടയ്ക്കാട് സ്വദേശികളും രാഹുലിന്റെ സഹപ്രവർത്തകരുമായ വിഷ്ണു, സുനീഷ് എന്നിവർ അറസ്റ്റിലായി.

സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ 5.50 ഓടെ സ്വന്തം കാറിനടിയിലായിരുന്നു രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേടായ കാർ നന്നാക്കുന്നതിനിടയിൽ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്നതാവാം മരണകാരണമെന്നാണ് പൊലീസടക്കം കരുതിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിലും അസ്വാഭികത തോന്നിയില്ല. പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാഹുലിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

Share
അഭിപ്രായം എഴുതാം