ആലപ്പുഴ: ബിനാലെ സന്ദര്‍ശിക്കാന്‍ 24 മുതല്‍ പ്രവേശന പാസ് നിര്‍ബന്ധം

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന ‘ലോകമേ തറവാട്’ ബിനാലെ സന്ദര്‍ശിക്കുന്നതിന് പ്രവേശന പാസ് നിര്‍ബന്ധമാക്കും. ഏപ്രില്‍ 24 ശനിയാഴ്ച മുതലാണ് നിബന്ധന ബാധകമാകുക. 

കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധന സര്‍ട്ടിഫിക്കറ്റോ പാസ് ലഭ്യമാകുന്നതിന് നല്‍കണം. ശനിയാഴ്ച മുതല്‍ രാവിലെ 10 മുതല്‍ ആറുവരെയാണ് പ്രദര്‍ശനസമയം. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനായി സെക്ടറല്‍ മജിസ്‌ട്രേറ്റിനെ വേദിയില്‍ നിയോഗിച്ചിട്ടുണ്ട്. 

പൊതുജനങ്ങള്‍ക്ക് പ്രവേശന പാസ് എങ്ങനെ നേടാം?

https://covid19jagratha.kerala.nic.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് ബിനാലെ സന്ദര്‍ശനത്തിനുള്ള പാസ് ലഭിക്കുക. വെബ്‌സൈറ്റിലെ ‘സിറ്റിസണ്‍’ എന്ന മെനു ബാര്‍ ഓപ്പണ്‍ ചെയ്ത് ‘ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍’ സെലക്ട് ചെയ്യണം. തുടര്‍ന്ന് അപേക്ഷകന്റെ ജില്ല തിരഞ്ഞെടുത്ത് ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ സൈറ്റില്‍ രേഖപ്പെടുത്തുന്നതോടെ പുതിയ പേജിലേക്ക് കടക്കും. 

അടുത്ത ഘട്ടമായി ഈ പേജില്‍ എന്‍ട്രി പാസിന് അപേക്ഷിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കണം. പേര്, വീട്/ ഓഫീസ് മേല്‍വിലാസം എന്നിവയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആളാണെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ സര്‍ട്ടിഫിക്കറ്റോ പേജില്‍ അപ് ലോഡ് ചെയ്യണം. തുടര്‍ന്ന് അപേക്ഷകന് ആപ്ലിക്കേഷന്‍ നമ്പറും പ്രവേശന പാസും ലഭിക്കും.

എന്‍ട്രി പാസിന്റെ പകര്‍പ്പ് ലഭിക്കാനായി പേജിലെ സിറ്റിസണ്‍ എന്ന മെനു ബാറില്‍ ക്ലിക്ക് ചെയ്യണം. ആദ്യം അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ നല്‍കണം. ഫെസ്റ്റിവല്‍ എന്‍ട്രി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഫോണില്‍ വരുന്ന ഒ.ടി.പി. നമ്പര്‍ രേഖപ്പെടുത്തിയാല്‍ എന്‍ട്രി പാസിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ബിനാലെ കാണാനായി എത്തുമ്പോള്‍ ഈ എന്‍ട്രി പാസിനൊപ്പം വെബ്‌സൈറ്റില്‍ നല്‍കിയ തിരിച്ചറയില്‍ രേഖയുടെ അസല്‍, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയും കൈയില്‍ കരുതണം. 

Share
അഭിപ്രായം എഴുതാം