സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ ഗര്‍ഭിണി ഉള്‍പ്പടെ 13 പേര്‍ക്ക് പരിക്കേറ്റു

മലയിന്‍കീഴ് : കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ ഭാഗമായ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കോണക്കോട്, പെരുകാവ് ഭാഗങ്ങളില്‍ സിപിഎം.ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പെട 13 പേര്‍ക്ക് പരിക്കേറ്റു. 2021 ഏപ്രില്‍ 7 ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുകാവ് തൈവിളയില്‍ ആര്‍.എസ്എസ് പ്രവര്‍ത്തകന്‍ അജിതിന്റെ വീട്ടില്‍ കതക് ചവിട്ടി തുറന്ന് കയറി അജിതിനെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച അഞ്ചുമാസം ഗര്‍ഭിണിയായ അജിതിന്റെ ഭാര്യ രാജശ്രീ(24),മാതാവ് ശശികല (62), പിതാവ് രാജന്‍(71), സൈനീകനായ സഹോദരന്‍ ശരത് (29)എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. രാജശ്രീയേയും ശശികലയേയും തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലും മറ്റുളളവരെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഈ സംഭവം നടന്ന് ഒരുമണിക്കൂറിനുളളില്‍ സിപിഎം പെരുങ്കാവ് ബ്രാഞ്ച് സെക്രട്ടറി സുധീറിന്റെ വീടുള്‍പ്പടെ നാല് വീടുകള്‍ക്കുനേരെ ആക്രമണം ഉണ്ടായി. 69 വയസുളള വൃദ്ധഉള്‍പ്പടെ 9 പേര്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകളും ബൈക്കും തകര്‍ത്തു. സുധീറിന്റെ വീടിന്റെ കതകും ജനല്‍ ഗ്ലാസും തകര്‍ത്ത സംഘം മാതാവ് വിശാലാക്ഷിയെ (69) ക്രൂരമായി മര്‍ദ്ദിച്ചു. അവരെ മലയിന്‍കീഴ് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വിഷ്ണുവിന്‍റെ (24) പെരുങ്കാവ് വേടന്‍വിള വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും പിതാവ് ചന്ദ്രന്‍(65), മാതാവ് വത്സല(55) എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു.

സിപിഎം പ്രവര്‍ത്തകനായ പെരുകാവ് കീണ വിനായകയില്‍ ജയകൃഷ്ണന്‍(28) വീട്ടുമുറ്റത്ത് നില്‍ക്കവെയാണ് ആക്രമണമുണ്ടായത്. തലക്ക് ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവീട്ടുമേഖല സ്വദേശി ആദര്‍ശ് (23), കോണക്കോട് സ്വദേശി സുമേഷ് (26) എന്നിവര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ പോവുകയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ ബൈജു(27)വിനെ പൊറ്റയില്‍ തടഞ്ഞുനിര്‍ത്തി കാലില്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കി. ഇരുവിഭാഗത്തിലുമായി 12 പേരെ കസ്റ്റഡിയിലെടുത്തു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് .എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐ.ബി.സതീഷ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പികെ കൃഷ്ണദാസ് എന്നിവര്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

വോട്ടെടുപ്പിന് തലേദിവസം കോണക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവായെങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഇതാണ് വീണ്ടും അക്രമണത്തില്‍ കലാശിച്ചത്.

Share
അഭിപ്രായം എഴുതാം