നന്ദിഗ്രാം: മമതയുടെ പരാതി തള്ളി, വഴി തെറ്റിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത് ഖേദകരമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: നന്ദിഗ്രാമിലെ ബോയല്‍ പോളിങ് ബൂത്ത് പിടിച്ചടക്കാന്‍ ബിജെപി ശ്രമിച്ചുവെന്നാണ് മമതയുടെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍.പരാതി വസ്തുതാവിരുദ്ധവും തെളിവില്ലാത്തതുമാണെന്നും കമ്മിഷന്‍ പറഞ്ഞു.നന്ദിഗ്രാം മണ്ഡലത്തിലെ ഒരു ബൂത്ത് സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനും ജനപ്രാതിനിധ്യനിയമത്തിനും എതിരാണോയെന്നു പരിശോധിക്കുമെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.പോലിസിന്റെയും നിരീക്ഷകരുടെയും റിപോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് മമതയ്ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവന്നത്.മമതയുടെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. പുറത്തുനിന്നുള്ളവര്‍ പോളിങ് തടസ്സപ്പെടുത്തിയിട്ടില്ല. തോക്കുകളുമായി ആരുമെത്തിയിട്ടില്ല. ഗുണ്ടകള്‍ വന്നിട്ടില്ലെന്നും നന്ദിഗ്രാമിലെ ബൂത്തില്‍ വിന്യസിച്ച ബിഎസ്എഫ് ജവാന്‍മാര്‍ക്കെതിരായ ആരോപണം സത്യമല്ലെന്നും ഉദ്യോഗസ്ഥരുടെ റിപോര്‍ട്ട് ഉദ്ധരിച്ച് കമ്മീഷന്‍ പറയുന്നു. ബൂത്ത് പിടിത്തം നടക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ഒരു ബൂത്തിലെത്തിയ മമത ബാനര്‍ജി, സംഘര്‍ഷാവസ്ഥ മൂലം രണ്ടു മണിക്കൂറിലേറെ ബൂത്തില്‍ കുടുങ്ങിയിരുന്നു.മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഗുണ്ടകള്‍ വോട്ടെടുപ്പ് തടസപ്പെടുത്തിയതായി അവര്‍ പരാതിപ്പെട്ടു.

എന്നാല്‍, സംസ്ഥാനത്താകെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍, വോട്ടര്‍മാരെ വഴി തെറ്റിക്കുന്ന വിവരങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രി കൂടിയായി സ്ഥാനാര്‍ഥി പുറത്തുവിട്ടതു ഖേദകരമാണെന്നു കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.ഏതാനുംപേര്‍ മമത ബാനര്‍ജിക്കെതിരേ മുദ്രാവാക്യം വിളിച്ചതൊഴിച്ച് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരെ ബൂത്തുകളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന പരാതി തെറ്റാണെന്നും കമ്മിഷന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം