ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അറുപത് ലക്ഷം ഇന്ത്യാക്കാരുള്‍പ്പെട 53.3 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇസ്രയേലി സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്‌സണ്‍ റോക്കിന്റെ സഹസ്ഥാപകന്‍ അലോണ്‍ ഗാലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയിലെ 32 കോടിയിലധികം അക്കൗണ്ടുകളും ബ്രിട്ടണിലെ 1.1 കോടിയും ഇന്ത്യയിലെ 60 ലക്ഷം അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ നമ്പര്‍, ഫേസ്ബുക്ക് ഐഡി, ജനനതീയതി ഉള്‍പ്പടെയുളള പൂര്‍ണമായ വിലാസമാണ് പരസ്യമായിരിക്കുന്നത്. ചില അക്കൗണ്ടുകളുടെ ഇ-മെയില്‍ വിലാസവും പരസ്യമായവയില്‍ ഉള്‍പ്പെടുന്നു.

വിവരങ്ങള്‍ നേരത്തേതന്നെ ചോര്‍ന്നതാണെന്നാണ് സൂചന. ചോര്‍ന്ന ഡാറ്റാ ഹാക്കിംഗ് ഫോറങ്ങളില്‍ സൗജന്യമായി പോസ്റ്റ് ‌ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫേയ്സ്ബുക്കിലെ ഡാറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. നിരവധി ഉപയോക്താതക്കളും വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അക്‌സസ് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുളള സെര്‍ച്ച് ഓപ്ഷന്‍ ഫേസ്ബുക്ക് ഒഴിവാക്കിയിരുന്നു. അതേസമയം ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ പഴക്കമുളളതാണെന്നും 2019ല്‍ പരിഹരിച്ച ഒരു പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്ക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ഇവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ഗാല്‍ മുന്നറിയിപ്പു നല്‍കി.

Share
അഭിപ്രായം എഴുതാം