എംഎല്‍എയുടെ വീടിന് മുമ്പില്‍ കൃത്രിമക്കാല്‍

ഉദുമ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കളളവോട്ട് തടയാന്‍ ശ്രമിച്ച പോളിംഗ് ഉദ്യോഗസ്ഥന്റെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി വിവാദത്തിലായ ഉദുമ എംഎല്‍എ കുഞ്ഞിരാമന്റെ പളളിക്കര ആലക്കോട്ടെ വീട്ടിലേക്കുളള വഴിയില്‍ കൃത്രിമക്കാല്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് ബേക്കല്‍ പോലീസെത്തി കാല്‍ കസ്റ്റഡിയിലെടുത്തു. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ എംഎല്‍എയുടെ കാല്‍ വെട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും സംഭവത്തിന് ഇതുമായി ബന്ധമുണ്ടെ്ന്ന സംശയിക്കുന്നതായും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ പാര്‍ട്ടി സംരക്ഷണത്തോടെ എംഎല്‍എയുടെ വീടിന് സമീപം എത്തിയിരുന്നതായും ഇവിടെ വച്ച സ്വന്തം വസ്ത്രങ്ങള്‍ കത്തിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും നേരത്തേ ക്രൈംബ്രാഞ്ച അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പുകാലത്ത് പഴയവിവാദം വീണ്ടും ഉയര്‍ത്തി എംഎല്‍എയെ പ്രതിരോധത്തിലാക്കാനായി കുബുദ്ധികളാരോ ചെയ്ത വേലയാണിതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഉദുമ എംഎല്‍എ ആയി രണ്ടുടേം പൂര്‍ത്തിയാക്കിയ കെ കുഞ്ഞിരാമന്‍ ഇത്തവണ മത്സര രംഗത്തില്ല. സിപിഎം സ്ഥാനാര്‍ത്ഥി മുന്‍ എംഎല്‍എ സിഎച്ച കുഞ്ഞമ്പുവും കോണ്‍ഗ്രസിലെ പുതുമുഖം ബാലകൃഷ്ണന്‍ പെരിയയും തമ്മില്‍ ശക്തമായ മത്സരമാണ് ഉദുമയില്‍ നടക്കുന്നത്.

Share
അഭിപ്രായം എഴുതാം