പ്രകൃതിക്ക് നേരെയുള്ള ഭീകരാക്രമണം, ചൊക്രമുടി കയ്യേറ്റത്തിൽ സി ബി ഐ അന്വേഷണം വേണം

ഇടുക്കി: ചൊക്രമുടിയിൽ റവന്യൂ – പാറ -പുറമ്പോക്ക് ഭൂമി, വ്യാജ രേഖകൾ ഉണ്ടാക്കി മറിച്ചുവിറ്റ് തഹസിൽദാർമാർ അടക്കം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കോടികൾ സമ്പാദിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ചെറുകിട ഏലം കർഷക ഫോറം പ്രസിഡണ്ടും പൊതുപ്രവർത്തകനുമായ ജെയിംസ് കത്തിലാങ്കൽ ആണ് പരാതി നൽകിയത്.

പതിച്ചു കൊടുക്കുവാൻ യോഗ്യമല്ലാത്ത റവന്യൂ -പാറ – പുറംപോക്കായി സർവ്വേയിൽ മാറ്റിയിട്ടിരുന്ന ആയിരം ഏക്കറിലധികം വരുന്ന ചൊക്രമുടി മല കയ്യേറ്റക്കാർ കൊള്ളയടിച്ചത് രണ്ട് തഹസീൽദാർമാർ, താലൂക്ക് സർവ്വേയർ,വില്ലേജ് ഓഫീസർ എന്നിവർ ചേർന്നാണെന്ന് പേരെടുത്തു പറഞ്ഞ റിപ്പോർട്ട് ആണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കെ സേതുരാമൻ ഐപിഎസ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുള്ളത്.

നാല് ലക്ഷം രൂപ വരെ സെൻ്റിന് വാങ്ങി

വ്യാജ രേഖകളും പട്ടയങ്ങളും ഉണ്ടാക്കി ഭൂമി പോക്ക് വരവ് ചെയ്യുകയും പാടില്ലാത്ത പ്രദേശത്ത് നിർമ്മാണത്തിന് അനുമതി നൽകുകയും ചെയ്തത് അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്ക് ഒത്താശകൾ ചെയ്ത മറ്റാളുകൾക്കെതിരെയും കേസെടുക്കണമെന്ന് ഐജി സേതുരാമൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേർന്ന് പണം ഉണ്ടാക്കുവാൻ വേണ്ടി സർക്കാർ ഭൂമി പിടിച്ചെടുത്തു വിൽക്കുന്ന പണിയാണ് സംഘടിപ്പിച്ചത്. നാല് ലക്ഷം രൂപ വരെ സെൻ്റിന് വാങ്ങിയാണ് വിറ്റതെന്ന് പുറത്തുവന്നിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥരും ഭരണാധികാരം കൈയിലുള്ളവരും ചേർന്ന് നടപ്പാക്കിയ കയ്യേറ്റം ഐജി സേതുരാമൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എങ്കിൽപോലും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഗുരുതരമായ ക്രിമിനൽ കുറ്റം ഉൾപ്പെട്ടിട്ടുള്ള സംഭവമാണ് നടന്നത്. പ്രകൃതിക്ക് നേരെയുള്ള ഭീകരാക്രമണം തന്നെയാണ് അവിടെ നടന്നത് എന്ന് അവിടെ എത്തുന്ന ആർക്കും ബോധ്യമാകും.

ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ടിട്ടുള്ള അഴിമതിയും കൊള്ളയുമാണ് നടന്നിരിക്കുന്നത് എന്നതിനാൽ കേരളത്തിലെ അന്വേഷണ ഏജൻസികളെ വിവിധ ഘട്ടങ്ങളിൽ കയ്യിലെടുക്കുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്യും. ആയതിനാൽ കേന്ദ്ര ഏജൻസിയായ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന ആവശ്യമാണ് ജെയിംസ് കത്തിലാങ്കൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നൽകിയിട്ടുള്ള പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.

സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്യപ്പെടുന്ന ഭൂമി കയ്യേറ്റങ്ങൾ എക്കാലത്തും ഇടുക്കി ജില്ലയിലെ കർഷകർക്കും വ്യാപാരികൾക്കും വിനയായിട്ടാണ് മാറിയിട്ടുള്ളത്. മാത്രമല്ല നൂറ്റാണ്ട് പഴക്കമുള്ള കുടിയേറ്റ ജനജീവിതം പ്രതിസന്ധിയിൽ ആവുന്നുമുണ്ട്. നിർമ്മാണ നിരോധനം അടക്കം നടപടികളുമായി നീങ്ങുന്നതിന് ചൂണ്ടിക്കാട്ടുന്ന കാരണം ഭൂമി കയ്യേറ്റങ്ങളാണ്. എന്നാൽ കയ്യേറ്റക്കാർക്ക് നിയന്ത്രണങ്ങളുമില്ല എൻ ഓ.സി യ്ക്ക് റവന്യൂ വകുപ്പിൻ്റെ തടസ്സവുമില്ല.

ഓരോ കയ്യേറ്റ വിവാദത്തിനും പിന്നാലെ 100 കണക്കിന് ഏക്കർ ഭൂമി കൃഷിക്കാരുടെതടക്കം വനം വകുപ്പ് പിടിച്ചെടുക്കുന്നുമുണ്ട്.

കർഷകരും വ്യാപാരികളും അടങ്ങുന്ന 2.75 ലക്ഷം കുടുംബങ്ങൾ ഉള്ള ഇടുക്കിയിലെ ജനജീവിതം ഇതിൻ്റെ മറവിൽ നിയന്ത്രണങ്ങൾക്കും നിയമനടപടികൾക്കും തടസ്സങ്ങൾക്കും വിധേയമായി കൊണ്ടിരിക്കുകയാണ്. ഹൈറേഞ്ചിൽ ഇപ്പോൾ ലൈഫ് പദ്ധതിയിലെ വീടുകൾക്ക് പോലും അനുമതി നൽകാത്ത സാഹചര്യമാണ് ഉള്ളത്.

ഒരു നൂറ്റാണ്ട് പിന്നിടുന്ന കുടിയേറ്റ കർഷകരുടെ ജീവിതത്തെ വിവാദങ്ങൾ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞതിൻ്റെ നേർ സാക്ഷ്യമാണ് സർവ്വത്ര നിയന്ത്രണങ്ങളും നിരോധനങ്ങളുമായി നിശ്ചലമായ സാമ്പത്തിക രംഗം നൽകുന്നത്.

കാട്ടുകള്ളൻമാരുടെ മക്കൾ എന്ന നില

സാമൂഹികമായും പ്രത്യാഘാതങ്ങൾ കുടിയേറ്റ വിവാദങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇടുക്കി ജില്ലയിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികളെ കോളജുകളിൽ സഹപാഠികൾ കയ്യേറ്റക്കാരുടെ മക്കൾ എന്ന് വിളിച്ച് ആക്ഷേപിക്കുകയും വിദ്യാത്ഥികൾ പഠനമുപേക്ഷിക്കുന്നതുമായ സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഓരോ കയ്യേറ്റ വിവാദവും ഇടുക്കിയിലെ പുതിയ തലമുറയുടെ മാനസിക ഊർജ്ജത്തെ ചോർത്തി കളയുന്നുണ്ട്. കാട്ടുകള്ളൻമാരുടെ മക്കൾ എന്ന നിലയിൽ ഒരു ജനതയെ മുഴുവൻ ചിത്രീകരിക്കപ്പെടുന്നതാകട്ടെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന കയ്യേറ്റക്കാരുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതമാണ് എന്ന വിലയിരുത്തൽ ഉണ്ട്. കയ്യേറ്റത്തെ പ്രതിരോധിക്കുവാൻ ജനങ്ങളും സംഘടനകളും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ഇതുകൊണ്ടു കൂടിയാണ്.

ഓരോ കയ്യേറ്റ വിവാദത്തിനു ശേഷവും കൈവശ കൃഷിക്കാരുടേതടക്കം റവന്യൂ ഭൂമി വനം വകുപ്പ് പിടിച്ചെടുക്കുന്നതാണ് പതിവ്.

കർഷകർക്കും വ്യാപാരികൾക്കും എതിരെയുള്ള ആക്രമണത്തിനാണ് ഓരോ കയ്യേറ്റത്തെയും ഉപയോഗിക്കുന്നത്. കയ്യേറ്റമാകട്ടെ ഉദ്യോഗസ്ഥന്മാരും ഭരണാധികാരം ഉപയോഗിക്കുന്ന വിഭാഗവും ചേർന്ന് കോടികൾ സമ്പാദിക്കുന്ന പണിയുമാണ്.

ഒരു അന്വേഷണവും ഇവരെ സ്പർശിക്കാറില്ല. വലിയ വിവാദമായ കയ്യേറ്റങ്ങളിൽ ഒന്നോ രണ്ടോ പേർക്കെതിരെ കേസെടുത്തു പ്രശ്നം അവസാനിപ്പിക്കുകയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.

ഈ പതിവ് അവസാനിപ്പിക്കാനാണ് ചൊക്ര മുടിയുടെ പശ്ചാതലത്തിൽ വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുള്ളത്. ഇതിൻ്റെ തുടർ നടപടിയാണ് ചെറുകിട ഏലം കർഷക ഫോറത്തിൻ്റെ പ്രസിഡൻ്റ് മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയത്.

Share
അഭിപ്രായം എഴുതാം