പത്രവാർത്തകളിൻ മേൽ ഗൂഗിളിനു ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ അര്‍ഹമായ വിഹിതം പത്രസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി

ന്യൂഡൽഹി: പത്രങ്ങള്‍ നല്‍കുന്ന വാര്‍ത്തയില്‍ നിന്നു ഗൂഗിളിനു ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ അര്‍ഹമായ വിഹിതം പത്രസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്).

ഗൂഗിളില്‍ കൊടുക്കുന്ന വാര്‍ത്തയുടെ പരസ്യവരുമാനം 85 ശതമാനം ഉയര്‍ത്തണമെന്നാണ് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആവശ്യം. ഇത് സംബന്ധിച്ച് ഐഎന്‍എസ് 25/02/21 വ്യാഴാഴ്ച ഗൂഗിളിന് കത്തെഴുതി. ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ശേഖരിച്ചു കൊണ്ടുവരുന്ന വാര്‍ത്തകള്‍ പിന്നീട് വസ്തുതാ വിശകലനം നടത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. വലിയൊരു ചിലവും ഇതിനു വേണ്ടി വരുന്നുണ്ട്.

പത്രങ്ങള്‍ നല്‍കുന്ന ഗുണനിലവാരമുള്ള എഡിറ്റോറിയല്‍ കണ്ടന്റിനും വ്യാജവാര്‍ത്തകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഗിളിന്റെ പരസ്യവരുമാനത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമാവണമെന്നും ഐഎന്‍എസ് കത്തില്‍ ആവശ്യപ്പെടുന്നു. ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സജ്ജയ് ഗുപ്തയ്ക്ക് ഐഎന്‍എസ് പ്രസിഡന്റ് ആദിമൂലമാണ് കത്തയച്ചത്.

ആഗോളതലത്തില്‍ പബ്ലിഷേര്‍സ് ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ അര്‍ഹമായ പരസ്യവരുമാനം വാര്‍ത്ത നല്‍ക്കുന്ന പബ്ലിഷേര്‍സിനു നല്‍കാന്‍ ഗൂഗിള്‍ സമ്മതിച്ചിരുന്നു. ഇക്കാര്യവും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഗൂഗിളും ഫേസ്ബുക്കുമുള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പണം നല്‍കി വാര്‍ത്ത വാങ്ങണമെന്ന നിയമഭേദഗതി പാസാക്കിയത്

Share
അഭിപ്രായം എഴുതാം