ജീവനൊടുക്കാന്‍ ആറ്റില്‍ ചാടിയ യുവതിയെ എട്ടാം ക്ലാസുകാരന്‍ രക്ഷിച്ചു

പത്തനംതിട്ട: ആത്മഹത്യ ചെയ്യാനായി ആറ്റില്‍ ചാടിയ യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് എട്ടാംക്ലാസുകാരന്‍. തിരുവല്ലാ സ്വദേശിയായ 14 കാരന്‍ ആല്‍ബിനാണ് 39 കാരിയെ രക്ഷപെടുത്തി കരയിലെത്തിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ അക്കരെ ആരോ ആറ്റില്‍ വീഴുന്നത് ആല്‍ബിന്‍ കണ്ടു. കൂട്ടുകാരും വീട്ടുകാരും നോക്കിനില്‍ക്കെ ആല്‍ബിന്‍ ആറ്റിലേക്ക് ചാടി യുവതിയെ രക്ഷപെടുത്തുകയായിരുന്നു. 50 മീറ്റര്‍ വീതിയുളള മണിമലയാറിനെ മിനിട്ടുകള്‍ കൊണ്ട് നീന്തികടന്നാണ് ആല്‍ബിന്‍ യുവതിക്കടുത്തെത്തിയത്. അക്കരെയെത്തുമ്പോഴേക്കും യുവതി രണ്ടുതവണ മുങ്ങിപൊങ്ങിയിരുന്നു. മൂന്നാംതവണ മുങ്ങിപ്പോയ യുവതിയെ ആല്‍ബിന്‍ തന്റെ കുഞ്ഞുകൈകള്‍ കൊണ്ട് പൊക്കിയെടുക്കുകയായിരുന്നു. 39 വയസുളള യുവതിയുമായി ആല്‍ബിന്‍ കരയിലേക്ക് നീന്തി.

ചൊവ്വാഴ്ച വൈകിട്ട് ആറരമണിയോടെയാണ് തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് യുവതി ആറ്റില്‍ ചാടിയത്. കുടുംബ സുഹൃത്തിന്റെ സംസ്‌കാര ചടങ്ങിനാണ് തിരുവല്ലയിലെത്തിയത്. ആല്‍ബിന്‍ കരക്കെത്തിച്ച ഇവരെ കുറ്റൂര്‍ ഗാമ പഞ്ചായത്ത പ്രസിഡന്റ് കെജി സഞ്ജുവും ആല്‍ബിന്റെ പിതാവ് ബാബുവും ചേര്‍ന്നാണ് തിരുവല്ലാ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണമാണ് ആറ്റില്‍ ചാടിയതെന്ന് യുവതി പറഞ്ഞു. കുറ്റൂര്‍ തെങ്ങോലി പോത്തളത്ത് പാപ്പനാവേലില്‍ വീട്ടില്‍ബാബു -ആന്‍സി ദമ്പതികളുടെ മകനാണ് ആല്‍ബിന്‍.

Share
അഭിപ്രായം എഴുതാം