പിന്‍വാതില്‍ നിയമനങ്ങള്‍ മൂലം കേരളത്തിലെ യുവാക്കള്‍ ആത്മഹത്യയുടെ വക്കിലാണെന്നും കേന്ദ്രം ഇടപെടണമെന്നും എൻ.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍

ന്യൂഡൽഹി: കേരളത്തിലെ നിയമനവിവാദം ലോക്‌സഭയില്‍ ഉന്നയിച്ച് എന്‍കെ പ്രേമചന്ദ്രന്‍. പിന്‍വാതില്‍ നിയമനങ്ങള്‍ മൂലം ഇവിടുത്തെ യുവാക്കള്‍ ആത്മഹത്യയുടെ വക്കിലാണെന്നും കേന്ദ്രം ഇടപെടണമെന്നും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു. നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ നിയമനം നല്‍കുന്നതെന്നും കാലങ്ങളായി റാങ്ക് ലിസ്റ്റിലുള്ളവരെല്ലാം പുറന്തള്ളപ്പെടുകയാണെന്നും അദ്ദേഹം സഭയില്‍ കൂട്ടിച്ചേര്‍ത്തു.

പിഎസ്എസിയുടെ പിന്‍വാതില്‍ നിയമനങ്ങള്‍ ഇല്ലാതാക്കണമെന്നും അനധികൃത നിയമനങ്ങളെ തടയാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നുമാണ് പ്രേമചന്ദ്രന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ നടക്കുന്നതെന്നും ബംഗാളിലും സമാനമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ സഭയില്‍ ചൂണ്ടിക്കാട്ടി.

പിഎസ്‌സി റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാതെ മന്ത്രിമാരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും ബന്ധുക്കളെ കരാര്‍ അടിസ്ഥാനത്തിലും താല്‍ക്കാലിക ജീവനക്കാരായും തിരുകിക്കയറ്റുകയാണെന്ന് പ്രേമചന്ദ്രന്‍ സഭയില്‍ ആഞ്ഞടിച്ചു. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്ന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആഞ്ഞടിച്ചു. സംസ്ഥാനസര്‍ക്കാര്‍ റാങ്ക്‌ലിസ്റ്റുകളെ അട്ടിമറിക്കുകയാണെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം