മുസ്ലീംലീഗിനെതിരായ പരാമർശം , വിജയരാഘവനെ തളളി സി പി എം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പാണക്കാട് സന്ദര്‍ശനത്തിനെതിരെയുള്ള എ വിജയരാഘവന്റെ പരാമര്‍ശത്തെ കൊള്ളാതെ സിപിഐഎം. വിജയരാഘവന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നെന്ന് സിപിഐഎം വിലയിരുത്തി. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎമ്മിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രസിഡന്റിനെ കാണുന്നതിനെ വിമര്‍ശിക്കേണ്ടായിരുന്നുവെന്നും സിപിഐഎം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

വിജയരാഘവന്റെ പരാമര്‍ശങ്ങളെ ഏറ്റെടുക്കാതെ പാര്‍ട്ടിയിലെ പ്രമുഖരും പരസ്യമായി രംഗത്തെത്തി. മുസ്ലീം ലീഗിനെ മുഖ്യധാരാപാര്‍ട്ടിയായാണ് താന്‍ കാണുന്നതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പ്രതികരിച്ചു. എന്നാല്‍ കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത പറയുന്നത് സിപിഐഎം അല്ല കോണ്‍ഗ്രസാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ഓതിക്കൊടുക്കുന്ന രാഷ്ട്രീയം പറയുന്നത് കോണ്‍ഗ്രസ് ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള യുഡിഎഫ് നീക്കത്തിനെതിരെയും പലയിടത്തുനിന്നും പ്രതികരണമെത്തുന്നുണ്ട്. ശബരിമല വിഷയം ആളിക്കത്തിക്കുന്നത് യുഡിഎഫിന്റെ അറ്റകൈ പ്രയോഗമാണെന്നും ഇത്തരം കുതന്ത്രങ്ങളിലൂടെ മാത്രമേ നിലനില്‍ക്കാനാകൂ എന്ന അവസ്ഥയിലേക്ക് യുഡിഎഫ് അധപതിച്ചെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. പറയാന്‍ മറ്റൊന്നുമില്ലാതെ വന്നപ്പോള്‍ പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

Share
അഭിപ്രായം എഴുതാം