ബൈഡൻ തിരുത്തൽ തുടങ്ങി , കുടിയേറ്റ വിലക്ക് നീക്കാനുള്ള ഉത്തരവില്‍ ഒപ്പിട്ടു, പാരീസ് കാലാവസ്ഥ ഉടമ്പടിയിലേക്ക് തിരികെ പ്രവേശിക്കും

വാഷിംഗ്ടൺ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി പുതിയ പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണന നല്‍കും. പാരീസ് കാലാവസ്ഥ ഉടമ്പടിയിലേക്ക് തിരികെ പ്രവേശിക്കും.

മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം മരവിപ്പിക്കും. കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കും. കുടിയേറ്റ വിലക്ക് നീക്കാനുള്ള ഉത്തരവില്‍ ജോ ബൈഡന്‍ ഒപ്പിട്ടു. ആദ്യ ദിവസം തന്നെ വലിയ മാറ്റങ്ങള്‍ ആണ് ബൈഡന്‍ കൊണ്ടുവരുന്നത്.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റത് ഇന്നാണ്. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.

ജനാധിപത്യത്തിന്റെ ദിനമെന്നാണ് തന്റെ സത്യപ്രതിജ്ഞ ദിനത്തെ ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തെളിയിച്ചു. വെല്ലുവിളികളെ നേരിടാന്‍ തയാര്‍. വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നില കൊള്ളണമെന്നും ബൈഡന്‍. അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാന്‍ പ്രഥമ പരിഗണന. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. പ്രഥമ വനിത വൈസ് പ്രസിഡന്റായ കമല ഹാരിസിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

Share
അഭിപ്രായം എഴുതാം