അലക്സി നവാല്‍നി റഷ്യന്‍ പോലീസ് കസ്റ്റഡിയില്‍

ക്രെംലിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ വിമാനത്താവളത്തില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ജര്‍മ്മനിയില്‍ നിന്ന് റഷ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് നടപടി. റഷ്യയിലേക്ക് കടക്കുന്നതിന് മുമ്പ് അതിര്‍ത്തി കാവല്‍ക്കാര്‍ക്ക് പാസ്പോര്‍ട്ട് കാണിച്ചപ്പോഴാണ് പോലീസ് തടഞ്ഞുവച്ചത്. എന്നാല്‍, ഭാര്യ യൂലിയയെയും വക്താവിനെയും അഭിഭാഷകനെയും റഷ്യയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ ലംഘിച്ചതിനാണ് നവാല്‍നിയെ കസ്റ്റഡിയിലെടുത്തതെന്നും കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ കസ്റ്റഡി തുടരുമെന്നും എഫ്എസ്എന്‍ പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിമാനം മോസ്‌കോയിലെ വിനുക്കോവോ വിമാനത്താവളത്തില്‍ എത്തിച്ചേരാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, മോസ്‌കോയിലെ ഷെറെമെറ്റീവോ വിമാനത്താവളത്തിലാണ് ഇറക്കിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയ്റോഫ്ളോട്ടിന്റെ ഉടമസ്ഥതയിലുള്ള റഷ്യന്‍ എയര്‍ലൈന്‍ പോബെഡയാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പുടിന്റെ ശക്തനായ ആഭ്യന്തര വിമര്‍ശകരിലൊരാളായ നവാല്‍നിക്കെതിരേ മൂന്ന് ക്രിമിനല്‍ കേസുകളുണ്ട്. എന്നാല്‍, ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറയുന്നു.

Share
അഭിപ്രായം എഴുതാം