തിരുവനന്തപുരം: ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍ത്താവിന്റെ പിതാവ് സംശയം പ്രകടിപ്പിച്ചു.
ഒരാൾക്ക് സ്വയം കഴുത്തും കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ലെന്നും മരണത്തിലെ സംശയങ്ങള്‍ തെളിയണമെന്നും ഭര്‍തൃപിതാവ് പറഞ്ഞു. വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
കല്ലമ്പലം മുത്താന ഗുരുനഗര്‍ സുനിത ഭവനില്‍ ആതിരയെ (24) കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരത്തും ആതിരയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസം ആകുന്നതേയുള്ളു.
ഭര്‍ത്താവിന്റെ അമ്മയുമായുള്ള പ്രശ്നങ്ങളാണ് ആതിരയുടെ മരണത്തിന് കാരണമായതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
15-1-2021 വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ആതിരയുടെ ഭര്‍ത്താവ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പിതാവുമായി ആശുപത്രിയില്‍ പോയിരുന്നു.
ആതിരയുടെ അമ്മ ശ്രീന പതിനൊന്നു മണിയോടെ വീട്ടിലെത്തിയപ്പോള്‍ കതകു തുറന്ന നിലയില്‍ ആയിരുന്നു. ആതിരയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെ തുടര്‍ന്ന് ശരത്തിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് ശരത്ത് എത്തി വീട് പരിശോധിച്ചപ്പോള്‍ കുളിമുറി അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടു.
ബലം പ്രയോഗിച്ച് കുളിമുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആതിരയെ കണ്ടത്. തൊട്ടടുത്ത് നിന്ന് കത്തിയും കണ്ടെടുത്തു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.