ഇന്ത്യയിലെ കാർഷിക മേഖലയിൽ സുപ്രധാന ചുവടുവെപ്പുകൾ നടത്താൻ കാർഷിക നിയമങ്ങൾക്ക്​ സാധിക്കുമെന്ന് ഐ എം എഫ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്ക്​ കാർഷിക ​മേഖലയിലെ പരിഷ്​കാരങ്ങളിൽ സുപ്രധാന ചുവടുവെപ്പ്​ നടത്താൻ സാധിക്കുമെന്ന്​ അന്താരാഷ്​ട്ര നാണ്യനിധി. പുതിയ സംവിധാനത്തിലേക്ക്​ മാറു​മ്പോൾ അതിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നവർക്ക്​ സംരക്ഷണം നൽകണമെന്നും ​ ഐ.എം.എഫ്​ പറഞ്ഞു.

മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ കർഷക സംഘടനകൾ രാജ്യതലസ്​ഥാനത്ത്​ നടത്തുന്ന സമരം 50 ദിവസം പിന്നിടുന്നതോടെയാണ്​ ഐ.എം.എഫിന്‍റെ പ്രതികരണം.

ഇന്ത്യയിലെ കാർഷിക മേഖലയിൽ സുപ്രധാന ചുവടുവെപ്പുകൾ നടത്താൻ കാർഷിക നിയമങ്ങൾക്ക്​ സാധിക്കുമെന്നാണ്​ വിശ്വാസം. ഈ നിയമങ്ങളിലൂടെ കർഷകർക്ക്​ നേരിട്ട്​ വിൽപ്പനക്കാർക്ക്​ തങ്ങളുടെ വിളകൾ വിൽക്കാം. ഇടനിലക്കാരുടെ പങ്ക്​ കുറച്ച്​ ലാഭമുണ്ടാക്കാൻ കർഷകർക്ക്​ സാധിക്കും. ഗ്രാമീണ വികസനത്തിന്​ പിന്തുണയും വളർച്ചയും പ്രതിനിധാനം ചെയ്യുകയും ചെയ്യും ഐ.എം.എഫ്​ കമ്യൂണിക്കേഷൻസ്​ ഡയറക്​ടർ ജെറി റൈസ്​ വാഷിങ്​ടണിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

പുതിയ കാർഷിക നിയമ സംവിധാനത്തിലേക്ക്​ മാറു​മ്പോൾ പ്രത്യക്ഷമായി ബാധിക്കുന്നവരെ സാമൂഹിക സുരക്ഷ പദ്ധതിക്ക്​ കീഴിൽ കൊണ്ടുവരികയും സംരക്ഷിക്കുകയും വേണമെന്നും ജെറി റൈസ്​ പറഞ്ഞു.

പഞ്ചാബ്​, ഹരിയാന സംസ്​ഥാനങ്ങളിലെ കർഷകരാണ്​ രാജ്യതലസ്​ഥാനത്ത്​ പ്രതിഷേധിക്കുന്നത്​. ഡൽഹിയിലെ അഞ്ച്​ അതിർത്തികളിലാണ്​ പ്രതിഷേധം. മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. കൂടാതെ വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

Share
അഭിപ്രായം എഴുതാം