സംഘപരിവാര്‍ അക്രമികളോട് സംസ്ഥാന സർക്കാരിന് മൃദുസമീപനം, പൊലീസ് സ്റ്റേഷനുമുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി

കോഴിക്കോട്: ശബരിമല പ്രവേശനത്തിനു പിന്നാലെ തനിക്കെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി പൊലീസ് സ്റ്റേഷനു മുന്നില്‍ സത്യാഗ്രഹമാരംഭിക്കുമെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും കൃത്യമായി അന്വേഷണം നടത്തുന്നതിലും കേരള പൊലീസ് സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ് സത്യാഗ്രഹത്തിലേക്ക് തന്നെ നയിച്ചതെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിന്ദു ഇക്കാര്യം അറിയിച്ചത്.

‘എറണാകുളം പൊലീസ് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് വെച്ച് തീവ്രഹിന്ദു സംഘടനയായ ‘ഹിന്ദുഹെല്‍പ്പ് ലൈന്‍ ‘ നേതാക്കളും മറ്റ് സംഘപരിവാര്‍ സംഘടനാ നേതാക്കന്മാരും ഗൂഢാലോചന നടത്തി 26.11.19 ന് സംഘം ചേര്‍ന്ന് എന്നെ ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും അന്വേഷണത്തിലും കേരള പൊലീസ് മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചത്. ആക്രമണം നടന്ന ദിവസം ഞാന്‍ നല്‍കിയ മൊഴികളില്‍ പലതും രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇരയായ തനിക്ക് വേണ്ടി നില്‍ക്കേണ്ട സര്‍ക്കാര്‍ വക്കീല്‍ കേസ് വിളിക്കുന്ന സമയങ്ങളില്‍ ഹാജരാവുകയോ ഹാജരാകുന്ന ദിവസങ്ങളില്‍ തനിക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ല’ ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സര്‍ക്കാരിന്റെ മൃദു സംഘപരിവാര്‍ നിലപാടാണ് ഇതിലൂടെ വ്യകതമാക്കുന്നതെന്നും അവര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചപ്പോഴും പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ പോകാനുള്ള സമയം അനുവദിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പൊലീസില്‍ നിന്ന് ലഭിച്ചതെന്നും അവർ ഫേസ്ബുക്കിലെഴുതി.

Share
അഭിപ്രായം എഴുതാം