കൊവിഡ്: യുകെയില്‍ നിന്ന് എത്തിയവരെ നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കാനും കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ ലബോറട്ടറികളിലേക്ക് അയക്കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശം. ബ്രിട്ടണില്‍ നിന്നും എത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ എയര്‍ സുവിധ എന്ന വെബ്സൈറ്റില്‍ രേഖപ്പടുത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ വൈറസിന്റെ ജനിതക ഘടന തിരിച്ചറിയുന്നതിനായി രാജ്യത്തെ ആറ് ലാബുകളിലേക്ക് അയക്കണമെന്നാണ് നിര്‍ദ്ദേശം.

സിഎസ്ഐആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജി, സിഎസ്ഐആര്‍- സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി, ഡിബിടി- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സസ്, ഡിബിടി-ഇന്‍സ്റ്റെം-എന്‍സിബിഎസ്, ഡിബിടി-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്‌സ് (എന്‍ഐബിഎംജി), ഐസിഎംആര്‍- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്ന ലാബുകള്‍.

Share
അഭിപ്രായം എഴുതാം