ഐഎഫ്എ ഷീൽഡ് ഫുട്ബോൾ, ഗോകുലം പുറത്തായി

കൊല്‍ക്കത്ത: ഐഎഫ്‌എ ഷീല്‍ഡ് ഫുട്ബോളില്‍ ഗോകുലത്തെ വീഴ്ത്തി കൊല്‍ക്കത്ത മുഹമ്മദന്‍ സ്പോര്‍ടിങ് സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനല്‍റ്റിയടക്കം നിവരധി അവസരങ്ങളാണ് ഗോകുലം തുലച്ചത്.

ഒൻപതാം മിനിറ്റില്‍ തീര്‍ഥാങ്കര്‍ ശങ്കര്‍ പെനല്‍റ്റിയിലൂടെയാണ് വിജയഗോള്‍ നേടിയത്. ആദ്യപകുതിയില്‍ സമനില നേടാനുള്ള അവസരം ക്യാപ്റ്റന്‍ മുഹമ്മദ് അവല്‍ നഷ്ടമാക്കി. അവലിന്റെ പെനല്‍റ്റി കിക്ക് ബാറിന് മുകളിലൂടെ പറന്നു. ഗോളാക്കാവുന്ന തുറന്ന അവസരം ഷിബില്‍ മുഹമ്മദും പാഴാക്കി. രണ്ടാംപകുതിയില്‍ പ്രതിരോധക്കാരന്‍ ദീപക് ദേവ്റാണിയും ഗോളി സി കെ ഉബൈദും ചുവപ്പുകാര്‍ഡ് കണ്ടത് തിരിച്ചടിയായി.

കളിയുടെ നിയന്ത്രണം ഗോകുലം പിടിക്കുമ്പോഴേക്കും മുഹമ്മദന്‍സ് ഗോളടിച്ചു. ഫിലിപ്പ് അഡ്ജാബിന്റെ മുന്നേറ്റം തടയാന്‍ ഗോളി ഉബൈദ് ശ്രമിച്ചത് പെനല്‍റ്റിയില്‍ കലാശിച്ചു. ഗോള്‍ വഴങ്ങിയിട്ടും ഗോകുലം സമനിലയ്ക്കായി കിണഞ്ഞ് ശ്രമിച്ചു. ജിതിനാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. രണ്ട് പ്രതിരോധക്കാരെ മറികടന്ന് ജിതിന്‍ ഗോളിലേക്ക് ലക്ഷ്യംവച്ചു. എന്നാല്‍ പന്ത് പ്രതിരോധക്കാരന്റെ കൈയില്‍ തട്ടി.

Share
അഭിപ്രായം എഴുതാം