സൗര- പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വൈദ്യുതി ഉത്‌പ്പാദനം ജനുവരിയില്‍

തിരുവനന്തപുരം: സൗര- എന്ന പേരില്‍ അറിയപ്പെടുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി 2021 ജനുവരിയില്‍ വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കും. സൗരോര്‍ജ്ജം കുറഞ്ഞ ചെലവില്‍ ഉദ്‌പ്പാദിപ്പിക്കുകയെന്നതാണ്‌ സൗര യുടെ ലക്ഷ്യം. രണ്ടയിരത്തോളം പുരപ്പുറങ്ങളാണ്‌ അതിനായി സജ്ജമാക്കിയിരിക്കുന്നത്‌. ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലില്‍ വലിയ ലാഭം ഉണ്ടാക്കുന്നതാണ്‌ പദ്ധതി.

രണ്ടുവര്‍ഷം മുമ്പ്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതും കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്നതുമായ പദ്ധതി വഴി 43,000 ഗുണഭോക്താക്കളാണ്‌ സ്വന്തം പുരപ്പുറത്തെ വൈദ്യതിക്കായി കാത്തിരിക്കുന്നത്‌. 62,000 പേര്‍ പദ്ധതിക്കായി പേര്‍ രജിസ്റ്റര്‍ ചെയ്‌തു. ഇവരുടെ വീടുകള്‍ പരിശോധിച്ചാണ്‌ 43,000 പേരെ തെരഞ്ഞെടുത്തത്‌. 8500 പേര്‍ പുതിയതായി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ‌ 200 മെഗാവാട്ടിന്‍റെ പദ്ധതി കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതോടെ ഒരുലക്ഷം പുരപ്പുറങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനാവും. പുരപ്പുറത്ത്‌ ഒരു കിലേവാട്ട്‌ നിലയത്തിന്‌ വേണ്ടത്‌ 100 ചതുരശ്ര അടി സ്ഥലമാണ്‌.

റിഫ്‌ളക്‌സ്‌ , കോണ്ടാസ്‌, ഹൈവ്‌ എന്നങ്ങനെ മൂന്നു ഏജന്‍സികള്‍ വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഗുണഭോക്താക്കള്‍ക്ക്‌ ഇഷ്ടമുളളത്‌ തെരഞ്ഞെടുക്കാം. കെഎസ്‌ഇബി പ്ലാന്‍ പ്രകാരമുളള മോഡലുകള്‍ക്ക്‌ 25 വര്‍ഷത്തെ മെയ്‌ന്‍റനന്‍സ്‌ സൗജന്യമായിരിക്കും. കേന്ദ്ര പദ്ധതിപ്രകാരമുളള മോഡലിന്‌ 5 വര്‍ഷവും. രണ്ട്‌ കിലോവാട്ട്‌ പ്ലാന്‍റ് ‌ സ്ഥാപിച്ചാല്‍ 480 യൂണിറ്റും മൂന്നുകിലോ വാട്ടിന്‌ 720 യൂണിറ്റും വൈദ്യുതി രണ്ടുമാസം കൊണ്ട്‌ ഉദ്‌പ്പാദിപ്പിക്കാനാവും.

പദ്ധതി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ https://wss.kseb.in/selfservices/sbp എന്ന സൈറ്റിലൂടെയോ, സെക്ഷന്‍ ഓഫീസുകളിലെ കൗണ്ടറുകളിലൂടെയോ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌. രജിസ്‌ട്രേഷന്‍ ഫീസ്‌ 1000രൂപ. ജിഎസ്‌ടിയും പ്രളയ സെസും ചേര്‍ത്ത്‌ 1190 രൂപ. രജിസ്‌റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും മാര്‍ച്ചോടെ പുരപ്പുറങ്ങളില്‍ സോളാര്‍ സ്ഥാപിക്കും. എന്ന്‌ കെഎസ്‌ഇബി ഡയറക്ടര്‍ മിനി ജോര്‍ജ്‌ അറിയിച്ചു.

Share
അഭിപ്രായം എഴുതാം