മാർച്ചിൽ പങ്കെടുത്ത കർഷകർക്കെതിരെ കൊലപാതക ശ്രമത്തിനുൾപ്പെടെ കേസെടുത്ത് ഹരിയാന പൊലീസ്

അംബാല: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകര്‍ക്ക് എതിരേ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനും ഹരിയാന പോലിസ് കേസെടുത്തു. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുര്‍നാം സിങ് ചരുണി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307 (കൊലപാതക ശ്രമം) 147 (കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍) 149 (അനധികൃതമായി സംഘം ചേരല്‍) 269 (പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയത്.

ഡല്‍ഹിയിലേക്ക് പുറപ്പെട്ട പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാന അതിര്‍ത്തിയായ അംബാലയില്‍ പോലിസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പോലിസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച്‌ പോലിസ് ബാരിക്കേഡുകള്‍ നശിപ്പിച്ചിരുന്നു.

ഹരിയാനയിലെ ഒന്നിലധികം പോലിസ് സ്‌റ്റേഷനുകളില്‍ കര്‍ഷകര്‍ക്ക് എതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകരാണ് അതിക്രമിച്ചു കടന്നതെന്നും പോലിസ് സംയമനത്തോടെയാണ് പെരുമാറിയത് എന്നും കഴിഞ്ഞദിവസം ഹരിയാന ഡിജിപി മനോജ് യാദവ് പറഞ്ഞു. കര്‍ഷകര്‍ നിയമവാഴ്ച തകര്‍ക്കാന്‍ ശ്രമിച്ചെന്നും പോലിസിന് നേരെ കല്ലേറ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. നിരവധി പോലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലിസ് വാഹനങ്ങളും മറ്റ് വാഹനങ്ങളും കര്‍ഷകര്‍ നശിപ്പിച്ചെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം