സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാർ; ഗുരുതര ആരോപണവുമായി ശരണ്യ മനോജ്; സരിതയെ കൊണ്ട് പലതും പറയിപ്പിച്ചത് ഗണേഷ് കുമാറെന്നും മനോജ്

കൊല്ലം: സോളാർ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി കേരള കോണ്‍ഗ്രസ് ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാർ. സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണെന്ന് മനോജ് ആരോപിച്ചു. കൊല്ലം തലവൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു മനോജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസിൽ ഓഫീസ് സെക്രട്ടറി അറസ്റ്റിലായതിനു തൊട്ടു പിന്നാലെയാണ് ഗണേഷിനെതിരെ അതീവ ഗുരുതരമായ പുതിയ ആരോപണവും വരുന്നത്.

സോളാർ കേസിലെ ഇരയായ സരിതയെ കൊണ്ട് പലതും പറയിപ്പിച്ചതും എഴുതിച്ചതും എംഎൽഎ ഗണേഷും പിഎ പ്രദീപും ചേർന്നാണ്. സോളാർ കേസ് ഉയർന്നുവന്നപ്പോൾ മുഖ്യപ്രതിയാകുമെന്ന് മനസിലാക്കിയ ഗണേഷ് കുമാർ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഗണേഷ് കുമാർ രക്ഷിക്കണമെന്ന് പറഞ്ഞപ്പോൾ താൻ ഇടപെട്ടിട്ടുണ്ടെന്നും മനോജ് പറയുന്നു. പക്ഷെ ദൈവം പോലും പൊറുക്കാത്ത തരത്തിലുള്ള ഓരോന്ന് സരിതയെ കൊണ്ട് എംഎൽഎയും പിഎയും പറയിക്കുകയും എഴുതിക്കുകയും ചെയ്തുവെന്നും മനോജ് കുമാർ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. അദ്ദേഹം അത് പറയാതിരിക്കുന്നത് മാന്യത കൊണ്ടാണ്. ആ രഹസ്യം എന്താണെന്ന് തനിക്ക് അറിയാം. ഉമ്മൻ ചാണ്ടി അത് തുറന്ന് പറയാത്തിടത്തോളം കാലം അത് തുറന്ന് പറയാൻ തനിക്ക് നിർവ്വാഹമില്ലെന്നും മനോജ് കുമാർ കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആർ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്നു ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാര്‍. അടുത്തിടെയാണ് മനോജ്കുമാർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോയത്.

Share
അഭിപ്രായം എഴുതാം