മുസ്‌ലിം രാഷ്ട്രനിര്‍മാണത്തിനു ശ്രമിച്ചു; ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമെതിരെ പുതിയ കുറ്റപത്രവുമായി ഡൽഹി പൊലീസ്

ന്യൂസല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ്സില്‍ ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനും ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദല്‍ഹി പൊലീസിന്റെ പുതിയ അനുബന്ധ കുറ്റപത്രം. മുസ്ലീം രാഷ്ട്ര നിർമാണത്തിനു ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇരുവർക്കുമെതിരെ കുറ്റപത്രത്തിൽ ഉള്ളത്.

നിരീശ്വരവാദി എന്ന ഉമര്‍ഖാലിദിന്റെ മുഖം കപടമാണെന്നും തീവ്ര മുസ്‌ലിം നിലപാടുള്ള വ്യക്തിയാണ് ഉമറെന്നും കുറ്റപത്രത്തില്‍ പറയുന്നു. അക്രമരാഷ്ട്രീയത്തെ കൂട്ടുപിടിച്ച് മുസ്‌ലിം രാഷ്ട്ര നിര്‍മ്മാണത്തിന് ശ്രമിച്ചു. മുസ്‌ലിം ആഭിമുഖ്യ ഗ്രൂപ്പുകള്‍, തീവ്ര സംഘടനകള്‍, ഇടത് അരാജകവാദികള്‍ എന്നിവരെ കൂട്ടുപിടിച്ച് കലാപത്തിന് ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളും പൊലീസ് ഉമര്‍ ഖാലിദിന് നേരെ ആരോപിക്കുന്നുണ്ട്.

ഷര്‍ജീല്‍ ഇമാമിനെ പ്രഹരശേഷിയുള്ള സൂത്രധാരനെന്നും കുറ്റപത്രത്തില്‍ പൊലീസ് വിശേഷിപ്പിച്ചിട്ടുണ്ട്. ദല്‍ഹി കലാപത്തിലെ വിശാല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങള്‍ നേരത്തെ തന്നെ പൊലീസ് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഫെയിസ് ഖാന്‍ എന്നിവരടങ്ങിയ മൂന്നു പേരെ പ്രതികളാക്കി 930 പേജ് വരുന്ന പുതിയ അനുബന്ധ കുറ്റപ്പത്രവും പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

ഷഹീന്‍ബാഗ് സമരമടക്കം പലയിടങ്ങളിലും പൗരത്വ ഭേദതഗതിക്കെതിരെയുള്ള സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഷര്‍ജീല്‍ ഇമാം ആണെന്നും കുറ്റപത്രത്തില്‍ പോലീസ് ആരോപിക്കുന്നു.

Share
അഭിപ്രായം എഴുതാം