പ്രസവിച്ച് ഇരുപത് ദിവസത്തിനു ശേഷം യുവതിയെ വെട്ടി കൊലപ്പെടുത്തി ശ്മശാനത്തിൽ സംസ്കരിച്ചു; ഭർത്താവും സഹോദരന്മാരും അറസ്റ്റിൽ

ശ്രീനഗർ: ഇരുപതുകാരിയെ ഭർത്താവും സഹോദരങ്ങളും വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ശ്മശാനത്തിൽ സംസ്കരിച്ചു. സംശയം തോന്നി സഹോദരിയും ഭർത്താവും പരാതി നൽകിയതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം.

കേസിൽ ഭർത്താവ് മുഹമ്മദ് ഷഫീക്കിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റു ചെയ്തു. ജമ്മു കാശ്മീരിലെ കത്വയിലാണ് സംഭവം.

പ്രസവിച്ചിട്ട് ഇരുപത് ദിവസം മാത്രമായ ഷാനു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പത്ത് ദിവസം മുമ്പ് യുവതി പ്രസവത്തെ തുടർന്നുള്ള അവശത മൂലം മരിച്ചെന്ന് ഭർത്താവ് മുഹമ്മദ് ഷഫീക്കും കുടുംബവും യുവതിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.

സംശയം തോന്നിയ കുടുംബം മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പരാതി നൽകിയതോടെയാണ് കൊലപാതക വാർത്ത പുറത്തുവന്നത്. കുടുംബത്തിന്റെ പരാതി കിട്ടിയതിന് പിന്നാലെയാണ് പോലീസ് യുവതിയുടെ മൃതദേഹം കത്വവയിലെ ശ്മശാനത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.

രണ്ട് വർഷം മുമ്പാണ് തങ്ങളുടെ സഹോദരിയായ ഷാനു കത്വ ഗ്രാമത്തിലെ മുഹമ്മദ് സഫീക്കിനെ വിവാഹം കഴിച്ചതെന്ന് മരിച്ച യുവതിയുടെ സഹോദരി ഭർത്താവ് ഖാദർ ഹുസൈൻ പറഞ്ഞു.

ഇരുപത് ദിവസം മുമ്പാണ് ഷാനു ഒരു ആൺകുഞ്ഞിനെ പ്രസവിച്ചത്. പ്രസവിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിക്കുന്നുവെന്ന് അവൾ വിളിച്ച് പരാതി പറഞ്ഞിരുന്നുവെന്നും ഖാദർ ആരോപിക്കുന്നു.

“ആരോഗ്യനില മോശമായിരുന്നിട്ടും നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയായിരുന്നു. 2020 നവംബർ 10 നാണ് യുവതി മരിച്ച വിവരം ഭർത്താവ് ഷഫീക്കിന്റെ സഹോദരൻ ഫാറൂഖ് വിളിച്ച് പറയുന്നത്. മൃതദേഹം അവർ ശ്മശാനത്തിൽ കൊണ്ടുപോയി സംസ്‌കരിക്കുകയും ചെയ്തതായി അറിയിച്ചു. ഇതോടെ സംശയം തോന്നി പരാതി നൽകുകയായിരുന്നു.” ഖാദർ ഹുസൈൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം