ഓൺലൈൻ തട്ടിപ്പിനിരയായി ചിട്ടിക്കമ്പനി , മാനേജരുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുപയോഗിച്ച് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവർന്നു

തൃശ്ശൂര്‍: ഡ്യൂപ്ലിക്കേറ്റ് സിം കാർഡുപയോഗിച്ച് കൊളള . ചിട്ടിക്കമ്പനി മാനേജരുടെ സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവര്‍ന്നു. തൃശ്ശൂര്‍ പുതുക്കാട് ചിട്ടിക്കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രൂപ കവര്‍ന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് 34 ലക്ഷം രൂപയും എസ്ബിഐയില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് ഒക്ടോബര്‍ 30, 31 എന്നീ തീയതികളില്‍ തട്ടിപ്പ് സംഘം കവര്‍ന്നത്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സമൂഹമാധ്യമങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സംഘടിപ്പിച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത്. ചിട്ടിക്കമ്പനി മാനേജരുടെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്ത ശേഷം രേഖകള്‍ സമര്‍പ്പിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് നേടി. ഇത് ഉപയോഗിച്ച് ഒടിപി നമ്പര്‍ അറിഞ്ഞ ശേഷം പണം ട്രാന്‍സ്ഫര്‍ ചെയ്തുവെന്നാണ് പോലീസ് കരുതുന്നത്. ഇത്തരത്തില്‍ രണ്ട് സിം കാര്‍ഡ് ഇവർ സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിലെ സിം കാര്‍ഡിന് ജാര്‍ഖണ്ഡില്‍ നിന്നും എങ്ങിനെയാണ് ഡൂപ്ലിക്കേറ്റ് സംഘടിപ്പിച്ചതെന്ന ചോദ്യം പോലീസിനെ കുഴയ്ക്കുന്നുണ്ട്. സിം നല്‍കിയ ടെലികോം ഓപ്പറേറ്ററെ ബന്ധപ്പെട്ടപ്പോള്‍ ജാര്‍ഖണ്ഡിലെ ഓഫീസുമായി ബന്ധപ്പെടാനാണ് കിട്ടിയ നിര്‍ദേശം.

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സിം കാര്‍ഡ് നല്‍കിയതെങ്കില്‍ മൊബൈല്‍ സേവന ദാതാവിനെതിരെയും കേസടുക്കേണ്ടി വരും. അതല്ലെങ്കില്‍ ചിട്ടിക്കമ്പിനിയുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തതുമാകാം. ഇത് പരിശോധിക്കാന്‍ പോലീസ് സ്ഥാപനത്തിലെത്തി പരിശോധന നടത്തി. ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചിട്ടിക്കമ്പിനി ടെലിക്കോം റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നല്‍കി.

Share
അഭിപ്രായം എഴുതാം