ശബരിമല തീർത്ഥാടനം; സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച്  കേരള മോട്ടോര്‍ വാഹന വകുപ്പ്,  കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരാറുളള റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി.സി വിനീഷ്  സേഫ് സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇലവുങ്കല്‍ കേന്ദ്രീകരിച്ച് പ്രധാന കണ്‍ട്രോളിംഗ് ഓഫീസും കോട്ടയം ജില്ലയില്‍ എരുമേലി, ഇടുക്കി ജില്ലയില്‍ കുട്ടിക്കാനം എന്നീ രണ്ട് സബ് കണ്‍ട്രോളിംഗ് ഓഫീസുകളും പ്രവര്‍ത്തനം ആരംഭിച്ചു. പെട്രോളിംഗ് വാഹനങ്ങളിലും കണ്‍ട്രോളിംഗ് ഓഫീസുകളിലും വയര്‍ലെസ്, ജി.പി.എസ് ,മൊബൈല്‍ ഫോണ്‍ തുടങ്ങി വാര്‍ത്താവിനിമയ സംവിധാനങ്ങളും ആരോഗ്യവകുപ്പിന്റെ ആംബുലന്‍സും വിദഗ്ദധരും മോട്ടോര്‍ വാഹന വകുപ്പിന്റെ 24 മണിക്കൂറും സുസജ്ജമായ ക്യൂ.ആര്‍.ടി സംവിധാനവും തയാറാക്കിയിട്ടുണ്ടെന്ന് സേഫ് സോണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പി.ഡി സുനില്‍ ബാബു പറഞ്ഞു.

ഇടുക്കി ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഹരികൃഷ്ണന്‍, കോട്ടയത്ത് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടോജോ എം. തോമസ് എന്നിവരാണ് പദ്ധതിയുടെ ചുമതല വഹിക്കുക. മോട്ടോര്‍ വാഹന വകുപ്പിന്റെ രണ്ട് ക്രെയിനുകളും വിവിധ വാഹന നിര്‍മാതാക്കളുടെ മെക്കാനിക്കുകളും, സ്‌പെയര്‍പാര്‍ട്‌സുകള്‍ അടങ്ങുന്ന ബ്രേക്ക് ഡൗണ്‍ വാഹനങ്ങളും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. പോലീസ്, ദേവസ്വംബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യം, ജല അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗതാഗത കമ്മീഷണര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ഈ വര്‍ഷത്തെ  നിയന്ത്രിത തീര്‍ഥാടനത്തിന് അനുസൃതമായി അവശ്യം വേണ്ട സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്.  ദക്ഷിണ മേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ബി. മുരളി കൃഷ്ണന്‍, ഉത്തരമേഖലാ  ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.പദ്മകുമാര്‍, ആര്‍.ടി.ഒ മാരായ പി.ആര്‍ സജീവ്, ജിജി ജോര്‍ജ്, ഡി.മഹേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9164/sabarimala-safe-zone-.html

Share
അഭിപ്രായം എഴുതാം