ലേ കശ്മീരിന്റെ ഭാഗമെന്ന് ട്വിറ്റര്‍; നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ ലേയെ ജമ്മുകശ്മീര്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിന് ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. തെറ്റായ ഭൂപടം നല്‍കിയതിന് അഞ്ചുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഐ.ടി. മന്ത്രാലയത്തിന്റെ ആവശ്യം.

ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയമാണ് അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ ഇകഴ്ത്തിക്കാണിക്കുന്നതാണ് ട്വിറ്ററിന്റെ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അയച്ച നോട്ടീസില്‍ കുറ്റപ്പെടുത്തി. തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും. ഐ ടി ആക്ട് പ്രകാരം ട്വിറ്ററിന് വിലക്ക് അടക്കം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് കഴിയും. കൂടാതെ ആറ് മാസം വരെ ട്വിറ്റര്‍ അധികൃതര്‍ക്ക് തടവ് ശിക്ഷ നല്‍കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

ട്വിറ്ററിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റിന് നവംബര്‍ ഒമ്പതിനാണ് കേന്ദ്രം നോട്ടീസ് അയച്ചത്. തെറ്റായ ഭൂപടം പങ്കുവച്ചതു വഴി ട്വിറ്റര്‍ ഇന്ത്യയെ മനപൂര്‍വം അപമാനിക്കുകയായിരുന്നു എന്ന് നോട്ടീസില്‍ പറയുന്നു. നേരത്തെ ലേയെ ചൈനയുടെ ഭാഗമാക്കിയ ഭൂപടം ട്വിറ്റര്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന്, വിഷയം ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം ട്വിറ്റര്‍ സി ഇ ഒ ജാക്ക് ഡോര്‍സേയ്ക്ക് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഭൂപടം പരിഷ്‌കരിച്ചു. എന്നാല്‍, ചൈനയില്‍ നിന്ന് ലഡാക്കിനെ മാറ്റിയെങ്കിലും ജമ്മു കശ്മീരിന്റെ ഭാഗമായാണ് കാണിച്ചത്. ഇതേ തുടര്‍ന്നാണ് കേന്ദ്രം വീണ്ടും നോട്ടീസ് അയച്ചത്.

Share
അഭിപ്രായം എഴുതാം