സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാര്‍, നന്ദി പറഞ്ഞ് മോദി

ന്യൂഡല്‍ഹി: സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാരാണെന്നും ബിഹാര്‍ തിരഞ്ഞെടുപ്പ് ജയത്തില്‍ അവര്‍ക്ക് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും എന്‍ഡിഎ വിജയിച്ചതിന് പിന്നില്‍ ഈ നിശബ്ദവോട്ടര്‍മാരാണ്. സ്ത്രീകള്‍ക്ക് ബഹുമാനവും സംരക്ഷണവും ലഭിക്കുന്നത് ബിജെപിയില്‍ നിന്നാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണ മേഖലയില്‍ അടക്കം ബിജെപിക്ക് സ്ത്രീകളുടെ നിശബ്ദമായ പിന്തുണയുണ്ട്. നിശബ്ദവോട്ടുകളുടെ കേന്ദ്രമായി നമ്മുടെ രാഷ്ട്രം മാറികഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ ശാക്തീകരണവും അന്തസ്സും ഉറപ്പുവരുത്തുന്നതിനായി രാജ്യമെമ്പാടുമുള്ള ആളുകള്‍ ബിജെപിയെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍, ഗ്യാസ് കണക്ഷനുകള്‍, വീടുകള്‍ തുടങ്ങി എല്ലാ മേഖലയിലും ബിജെപി ശ്രമദ്ധിക്കുന്നുണ്ട്. സ്വയം തൊഴില്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍, നല്ല റോഡുകള്‍, നല്ല റെയില്‍വേ സ്റ്റേഷനുകള്‍, മികച്ച വിമാനത്താവളങ്ങള്‍, നദികളിലെ ആധുനിക പാലങ്ങള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളില്‍ വന്‍ വികസനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ബിജെപിയുടേയും എന്‍ഡിഎയുടെയും വിജയത്തിന് പിന്നില്‍ ഈ വികസനമാണെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം