തച്ചോട്ടുകാവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന്‌ പോലീസ്‌

മലയിന്‍കീഴ്‌: തച്ചോട്ടുകാവ്‌ മച്ചിനാട്‌ കുളത്തിന്‌ സമീപം അഞ്‌ജനത്തില്‍ അനില്‍ കുമാറിന്റെ (45)മരണം കൊലപാതകമെന്ന്‌ തെളിഞ്ഞു. പ്രതി വിളപ്പില്‍ശാല പേയാട്‌ പ്ലാവറക്കോണം ലക്ഷ്‌മി വിലാസത്തില്‍ വിപിന്‍(30) അറസ്റ്റിലായി. മലയിന്‍കീഴ്‌ പോലീസാണ്‌ കേസെടുത്തത്‌. വിളവൂര്‍ക്കല്‍ കവലോട്ടുകോണം ഹോമിയോ ആശുപത്രിക്കുസമീപം എസ്‌ എന്‍ ഭവനില്‍ വാടകയക്ക്‌ താമസിക്കുകയാണ്‌ അറസ്റ്റിലായ വിപിന്‍ .കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി അനില്‍കുമാറിന്റെ വീട്ടിലെത്തിയ വിപിന്‍ ജോലിക്കെന്ന്‌ പറഞ്ഞ്‌ അനില്‍കുമാറിനെ വിളിച്ചുകൊണ്ടുപോയിരുന്നു.

എന്നാല്‍ പിറ്റേദിവസം രാവിലെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. മലയിന്‍കീഴ്‌ പോലീസ്‌ സ്ഥലത്തെത്തി അനില്‍ കമുമാറിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ന്‌ വൈകിട്ടോടെ മരിച്ചു. പിതാവ്‌ റസാലം,മാതാവ്‌ ലീല, ഭാര്യ റീന, മക്കള്‍ അഞ്‌ജന, അര്‍ച്ചന.

അനില്‍കുമാറിനെ വിളിച്ചിറക്കി കൊണ്ടുപോയ ശേഷം മച്ചിനാട്‌ റസിഡന്‍സ്‌ അസോസിയേഷന്‌ സമീപമുളള പണിപൂര്‍ത്തിയാവാത്ത വീട്ടിലിരുന്ന്‌ ഇരുവരും മദ്യപിച്ചു. ഇതിനിടെ പണിക്കാര്യത്തെപ്പറ്റി വാക്കുതര്‍ക്കമുണ്ടായി. കല്ലും തടിക്കണങ്ങളും ഉപയോഗിച്ച അനില്‍കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും മരിച്ചെന്നു കരുതി വിപിന്‍ മുങ്ങുകയുമായിരുവെന്ന് പോലീസിന്‌ കൊടുത്ത മൊഴിയില്‍ വിപിന്‍ പറഞ്ഞു.

അനില്‍കുമാറിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും തലയില്‍ മുറിവുകളും ഉണ്ടായിരുന്നതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന്‌ ആരോപിച്ച ബന്ധുക്കള്‍ മലയിന്‍ കീഴ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന വിപിനെ ഞായറാഴ്‌ച രാത്രി വഴുതക്കാട്‌ ഭാഗത്തുനിന്ന നെടുമങ്ങാട്‌ ഡിവൈഎസ്‌പി ഉമേഷ്‌കുമാര്‍, മലയിന്‍കീഴ്‌ സിഐ അനില്‍കുമാര്‍, എസ്‌ഐ രാജേഷ്‌ ഗ്രേഡ്‌ എസ്‌ഐ മണിക്കുട്ടന്‍ സതീഷ്‌ കുമാർ, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ്‌ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.

Share
അഭിപ്രായം എഴുതാം