പ്രേം നസീര്‍ സ്മാരകം വരുംതലമുറയ്ക്ക് മുതല്‍ക്കൂട്ടാകും : മുഖ്യമന്ത്രി

ചിറയിന്‍കീഴില്‍ പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയ നിര്‍മാണത്തിന് തുടക്കം

തിരുവനന്തപുരം: പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓര്‍മകളും സംഭാവനകളും വരുംതലമുറയ്ക്ക് മുന്നില്‍ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളത്തിലെ നിത്യഹരിതനായകനായ പ്രേംനസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ ഒരുങ്ങുന്ന സ്മാരകം അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷകലക്ഷങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ സാഫല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിറയിന്‍കീഴില്‍ പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ സാംസ്‌കാരിക രംഗത്തിനു വലിയ സംഭാവനകള്‍ നല്‍കിയവരുടെ സ്മരണകളെ ആദരിക്കുന്നതാണ് ആ ജനതയുടെ സാംസ്‌കാരിക നിലവാരം നിശ്ചയിക്കാനുളള ഉരകല്ല്. അതില്‍ ഉരച്ചുനോക്കുമ്പോള്‍ മങ്ങിപ്പോവുന്നതായിക്കൂടാ ജനങ്ങളുടെയും സര്‍ക്കാരുകളുടെയും ഒക്കെ ഇടപെടലുകള്‍. അന്തരിച്ച് 32 വര്‍ഷം ആവുമ്പോഴേ പ്രേംനസീറിനെപ്പോലുള്ള ഒരു മഹാനടന് സ്മാരകമുണ്ടാവുന്നുള്ളൂ എന്നത് അഭിമാനിക്കാന്‍ വകനല്‍കുന്നതല്ല. നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞുനിന്നതും മുഴുവന്‍ മലയാളികളുടെയും മനസ്സില്‍ മായ്ക്കാനാവാത്ത വിധം പതിഞ്ഞുനിന്നതുമായ മഹാനായ കലാകാരന് അദ്ദേഹം അന്തരിച്ചതിനു തൊട്ടടുത്ത വര്‍ഷങ്ങളില്‍ത്തന്നെ സ്മാരകമുണ്ടാവേണ്ടതായിരുന്നു. അക്കാര്യത്തില്‍ വേദനിപ്പിക്കുന്ന വീഴ്ചയാണുണ്ടായത്. വൈകിയ ഈ ഘട്ടത്തിലാണെങ്കിലും അത് തിരുത്താനായി.  വ്യക്തിത്വശുദ്ധിയുള്ളയാള്‍, മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ കഴിയുന്നയാള്‍, സാമ്പത്തികനഷ്ടം അനുഭവിക്കുന്ന നിര്‍മാതാക്കള്‍ക്ക് പ്രതിഫലം പോലും നോക്കാതെ ഡേറ്റുനല്‍കി സഹായിക്കാന്‍ മനസ്സുണ്ടായിരുന്നയാള്‍, താരപദവിയിലേക്കുയര്‍ന്നിട്ടും അഹങ്കാരസ്പര്‍ശമില്ലാതെ ഏവരോടും സ്‌നേഹത്തോടെ പെരുമാറിയ ആള്‍ തുടങ്ങി പുതിയ തലമുറകളിലെ കലാകാരന്മാര്‍ക്ക് പഠിക്കാനും മാതൃകയാക്കാനും ഒട്ടേറെ സദ്ഗുണങ്ങള്‍ പ്രേംനസീറിലുണ്ടായിരുന്നു.

നാലു പതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു പ്രേം നസീര്‍. 600 ഓളം മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി പ്രേംനസീറിന് മാത്രം അവകാശപ്പെട്ട വിശേഷണങ്ങള്‍ നിരവധിയാണ്.  സ്വഭാവമഹിമയും ആദര്‍ശധീരതയുമുള്ള വ്യക്തി എന്ന പ്രതിച്ഛായ സിനിമയിലും പുറത്തും ഒരു പോലെ അദ്ദേഹത്തിന് നിലനിര്‍ത്താന്‍ കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ താരപദവിയും ജനപ്രീതിയും അജയ്യമാക്കി നിലനിര്‍ത്തി. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പര്‍താരവും പ്രേം നസീര്‍ ആയിരുന്നു. നഷ്ടം വന്ന നിര്‍മാതാക്കളെ ചേര്‍ത്തു നിര്‍ത്തി ചലച്ചിത്രവ്യവസായത്തിന് താങ്ങും തണലുമാവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ താരപദവിക്ക് നിദാനമായ വ്യക്തിപ്രഭാവം വലിയ അളവില്‍ നസീറില്‍ ഉണ്ടായിരുന്നു. തിരശീലയില്‍ പാവങ്ങളെ സഹായിക്കുന്ന വീരനായകനായി അഭിനയിച്ചു. പൊതുജീവിതത്തില്‍ അദ്ദേഹം അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.  

15,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മിനി തിയേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിര്‍മിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ മ്യൂസിയം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോര്‍ഡ് റൂമുകള്‍ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും. നാലുകോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ചിറയിന്‍കീഴിലെ ശാര്‍ക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിര്‍മിക്കുന്നത്.  

ചടങ്ങില്‍ മന്ത്രി എ. കെ ബാലന്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികള്‍ ഒട്ടേറെ ജനശ്രദ്ധ ആകര്‍ഷിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭാവനകള്‍ കൊണ്ട് ഒരിക്കലും മറക്കാന്‍ പറ്റാത്ത കലാകാരന്മാര്‍ക്ക് സ്മാരകങ്ങള്‍ ഒരുക്കാന്‍ സാധിച്ചതായും അദ്ദേഹം  പറഞ്ഞു. ഗ്രാമീണ തലത്തിലുള്ള കലാകാരന്‍മാര്‍ക്ക് 152 ക്ലസ്റ്ററുകളിലായി സൗജന്യമായി പരിശീലനം നല്‍കാന്‍ സാംസ്‌കാരിക വകുപ്പിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്മാരക മന്ദിരത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ കേന്ദ്രമായും  മലയാള സിനിമയുടെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ഇടമായും സ്മാരകത്തെ മാറ്റിയെടുക്കാനുള്ള എല്ലാ പിന്തുണയും ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന്   ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍  കമല്‍ പറഞ്ഞു.

മുന്‍ നിയമസഭാoഗം ആനത്തലവട്ടം ആനന്ദന്‍, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഡീന തുങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചലച്ചിത്രതാരങ്ങളായ  മധു, ഷീല, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി, പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ്,  ബാലചന്ദ്രമേനോന്‍, വിധുബാല, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍,  തുടങ്ങിയവര്‍ ഓണ്‍ലൈനായി ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8825/Prem-Nazir-Memorial.html

Share
അഭിപ്രായം എഴുതാം