ചൈനയില്‍ നിന്ന് മഞ്ഞ പൊടിക്കാറ്റ്; ശൂന്യമായി കൊറിയന്‍ തെരുവുകള്‍

സോള്‍: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നുണ്ടാവുന്ന മഞ്ഞ പൊടിക്കാറ്റ് കൊവിഡ് പടരുന്നതിന് കാരണമായേക്കാമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ. പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് തലസ്ഥാനമായ പ്യോങ്യാങ്ങിലെ തെരുവുകള്‍ വ്യാഴാഴ്ച മുതല്‍ ശൂന്യമാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്‍ (കെസിടിവി) ആണ് മഞ്ഞ പൊടികാറ്റിന്റെ വരവ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

കൊറോണ വൈറസ് അണുബാധ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍, മഞ്ഞ പൊടികാറ്റിനെയും ശ്രദ്ധിക്കേണ്ടതും സമഗ്രമായ നടപടികള്‍ കൈക്കൊള്ളേണ്ടതും അത്യാവശ്യമാണെന്ന് ഉത്തര കൊറിയയുടെ പത്രമായ റോഡോംഗ് സിന്‍മുന്‍ റിപ്പോര്‍ട്ട് ചെയ്തു. 1,900 കിലോമീറ്റര്‍ (1,200 മൈല്‍) അകലെയുള്ള ഗോബി മരുഭൂമിയില്‍ നിന്ന് കോവിഡ് -19 ന് കാരണമായ വൈറസ് ഉത്തര കൊറിയയിലേക്ക് പടരുമെന്ന വാദം വിശ്വസനീയമല്ല. എന്നിരുന്നാലും യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത് വൈറസ് ചിലപ്പോള്‍ മണിക്കൂറുകളോളം വായുവില്‍ തങ്ങിനില്‍ക്കുമെന്നാണ്. അതിനാലാണ് മുന്‍കരുതലെന്നും പത്രം പറയുന്നു.

Share
അഭിപ്രായം എഴുതാം