ബീഹാറില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി , കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

പാട്ന: ബീഹാറില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം പാട്നയിലെ കോണ്‍ഗ്രസ് ഓഫീസിലെത്തിയ ഒരാളില്‍ നിന്ന് ആദായ നികുതി വകുപ്പ് 10 ലക്ഷം രൂപ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പിന്റെ പുതിയ നടപടി.

10 ലക്ഷം രൂപ പാട്നയിലെ ഒരാള്‍ക്ക് കൈമാറാനുള്ളതാണെന്ന് പിടിക്കപ്പെട്ടയാള്‍ ആദായ നികുതി വകുപ്പിനോട് പറഞ്ഞിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും കോണ്‍ഗ്രസില്‍ ആരാണ് ഈ വ്യക്തിക്ക് പണം നല്‍കിയതെന്നും ആദായ നികുതി വകുപ്പിന്റെ നോട്ടീസില്‍ ചോദിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് ഇതേക്കുറിച്ച് പ്രതികരിച്ചത്. ഒക്ടോബര്‍ 28 നാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

അതേസമയം, ബി.ജെ.പിയുടെ പ്രകടനപത്രികയിലെ സൗജന്യ വാക്‌സിന്‍ പുതിയ വിവാദത്തിന് വഴികൊടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് ബി ജെ പി പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.

ഇതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയര്‍ത്തിയത്.

Share
അഭിപ്രായം എഴുതാം