ക്രിസ് ഗെയ്ൽ വന്നു കോഹ്ലിപ്പട വീണു

ഷാര്‍ജ: ഐ പി എല്ലിൽ ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയ ലക്ഷത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. നായകൻ രാഹുലിൻ്റെയും ക്രിസ് ഗെയ്ലിൻെറയും മായങ്ക് അഗർവാളിൻ്റെയും മികച്ച പ്രകടനമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്.

ഈ സീസണിലെ പഞ്ചാബിന്റെ രണ്ടാം വിജയമാണിത്. പഞ്ചാബിന്റെ ആദ്യ വിജയവും ബാംഗ്ലൂരിനെതിരെ തന്നെയായിരുന്നു. 49 പന്തുകളിൽ നിന്നും 61റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. 45 പന്തുകളില്‍ നിന്ന് ക്രിസ് ഗെയില്‍ 53 റണ്‍സെടുത്തു. മായങ്ക് അഗര്‍വാളും നായകന്‍ രാഹുലും ചേര്‍ന്ന് മികച്ച അടിത്തറയാണ് നല്‍കിയത്. 25 പന്തില്‍ 45 റണ്‍സെടുത്ത അഗര്‍വാളിനെ എട്ടാം ഓവറില്‍ യുസ്‌വേന്ദ്ര ചെഹലാണ് പുറത്താക്കിയത്.

അവസാന നിമിഷം വരെ ആകാംഷ നിറച്ചാണ് പഞ്ചാബ് കളിച്ചത്. രണ്ടു പന്തില്‍ ഒരു റണ്‍സെന്ന നിലയില്‍ ആയിരിക്കെ അവസാന ഓവറിലെ അഞ്ചാപന്തില്‍ ഗെയില്‍ പുറത്തായി. മത്സരം ബാംഗ്ലൂര്‍ നേടുമെന്ന നിലയിലായിരിക്കെ ക്രീസിലെത്തിയ നിക്കോലാസ് പൂരന്‍ ആറാം പന്ത് സിക്സര്‍ പറത്തി പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 39 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയും അവസാന ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാരെ അടിച്ച്‌ തകര്‍ത്ത മോറിസുമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. പഞ്ചാബിനായി മുഹമ്മദ് ഷമിയും മുരുകന്‍ അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി

Share
അഭിപ്രായം എഴുതാം