അടല്‍ തുരങ്കം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ന്യൂ ഡെൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശനിയാഴ്ച (2020 ഒക്ടോബര്‍ മൂന്ന്) രാവിലെ 10 ന് റോഹ്തങ്ങിലെ അടല്‍ തുരങ്കം ഉദ്ഘാടനം ചെയ്യും.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലാണ് അടല്‍ ടണല്‍. റോഹ്തങ്ങില്‍ സ്ഥിതി ചെയ്യുന്ന 9.02 കിലോ മീറ്റര്‍ നീളമുള്ള അടല്‍ ടണല്‍ മണാലിയെ ലഹൗള്‍ സ്പിതി താഴ്‌വരയുമായി വര്‍ഷത്തിലുടനീളം ബന്ധിപ്പിക്കുന്നു. നേരത്തെ കനത്ത മഞ്ഞ് വീഴ്ച കാരണം വര്‍ഷത്തില്‍ ആറ് മാസം ഈ താഴ്‌വരയിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. ടണല്‍ വരുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകും.

സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലുള്ള (10,000 അടി) ഹിമാലയത്തിലെ പീര്‍ പഞ്ചാല്‍ റേഞ്ചില്‍ ഏറ്റവും നവീനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തുരങ്കം നിര്‍മിച്ചത്.

തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ മണാലി-ലേ റോഡ് ദൂരം 46 കിലോമീറ്ററും യാത്രാ സമയം 4-5 മണിക്കൂറും കുറയും.

അടല്‍ ടണലിന്റെ ദക്ഷിണ പ്രവേശനകവാടം മണാലിയില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരെ 3060 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വടക്ക് ഭാഗത്തെ പ്രവേശനകവാടം ലഹൗല്‍ താഴ് വരയിലുള്ള സിസ്സുവിലെ ടെലിംഗ് ഗ്രാമത്തില്‍ 3071 മീറ്റര്‍ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.

കുതിര ലാടത്തിന്റെ ആകൃതിയിലുള്ള തുരങ്കത്തിന് എട്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള സിംഗിള്‍ ട്യൂബ് ഇരട്ട പാതയാണുള്ളത്. ഇതിന് 5.525 മീറ്റര്‍ ഓവര്‍ഹെഡ് ക്ലിയറന്‍സുണ്ട്.

10.5 മീറ്റര്‍ വീതിയുള്ള തുരങ്കത്തിന് 3.6×2.25 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മിച്ച പുറത്തേക്കുള്ള ഫയര്‍ പ്രൂഫ് സുരക്ഷാപാതയുണ്ട്.

അടല്‍ ടണല്‍ പ്രതിദിനം 3000 കാറുകള്‍ക്കും മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ 1500 ട്രക്കുകള്‍ക്കും സഞ്ചരിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സെമി ട്രാന്‍സ്‌വേഴ്‌സ് വെന്റിലേഷന്‍ സംവിധാനം, എസ്.സി.എ.ഡി.എ നിയന്ത്രിത അഗ്നിശമന സംവിധാനം, ഇലുമിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് സംവിധാനം തുടങ്ങിയ ഏറ്റവും നവീനമായ ഇലക്ട്രോമെക്കാനിക്കല്‍ സംവിധാനം ഉപയോഗിച്ചാണ് തുരങ്ക നിര്‍മാണം നടത്തിയത്.

തുരങ്കത്തിനുള്ളില്‍ തന്നെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ

1) ഇരു കവാടങ്ങളിലും സുരക്ഷാ പരിശോധന സംവിധാനങ്ങള്‍
2) അടിയന്തര ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നതിന് എല്ലാ 150 മീറ്ററിലും ടെലിഫോണ്‍ സംവിധാനം
3) എല്ലാ 60 മീറ്ററിലും ഫയര്‍ ഹൈഡ്രന്റുകള്‍ (അഗ്നിശമന ഉപകരണം)
4) എല്ലാ 250 മീറ്ററിലും സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ ഓട്ടോ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ സംവിധാനം
5) ഓരോ കിലോമീറ്ററിലും വായു ഗുണനിലവാര പരിശോധന
6) ഓരോ 25 മീറ്ററിലും ഇവാകുവേഷന്‍ ലൈറ്റിംഗ്/എക്‌സിറ്റ് ചിഹ്നങ്ങള്‍
7) തുരങ്കത്തില്‍ എല്ലായിടത്തും ബ്രോഡ്കാസ്റ്റിംഗ് സംവിധാനം
8) എല്ലാ 50 മീറ്ററിലും അഗ്നിബാധയേല്‍ക്കാത്ത ഡാമ്പറുകള്‍
9) എല്ലാ 60 മീറ്ററിലും ക്യാമറകള്‍

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കവേ, 2000 ജൂണ്‍ മൂന്നിനാണ് ചരിത്രപരമായ റോഹ്താങ്ങ് പാസിന് താഴെ തന്ത്രപ്രധാനമായ തുരങ്കം നിര്‍മിക്കണമെന്ന തീരുമാനമെടുത്തത്. 2002 മെയ് 26ന് ദക്ഷിണ പോര്‍ട്ടലിലേക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം നടത്തി.

 ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി ആര്‍ ഒ) ഭൂമിശാസ്ത്രപരമായും പ്രകൃതിപരമായുമുള്ള പ്രതിസന്ധികളേയും കാലാവസ്ഥയേയുമടക്കം നേരിട്ടാണ് ഏറ്റവും കഠിനമായ 587 മീറ്റര്‍ ദൈര്‍ഘ്യമുള്ള സെരി നലാബ് ഫോള്‍ട്ട് സോണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

2019 ഡിസംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നല്‍കിയ സംഭാവനകള്‍ പരിഗണച്ച് റോഹ്തങ്ങ് തുരങ്കത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചത്.

മണാലിയിലെ ദക്ഷിണ പോര്‍ട്ടലില്‍ അടല്‍ ടണല്‍ ഉദ്ഘാടനത്തിന് ശേഷം ലഹൗള്‍ സ്പിറ്റിയിലെ സിസുവിലും സോളാങ്ങ് താഴ്വരയിലും നടക്കുന്ന പൊതു പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1660617

Share
അഭിപ്രായം എഴുതാം