ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; അന്വേഷണ ചുമതല വീണ്ടും ലോക്കല്‍ പൊലീസിന്

കാസർഗോഡ്: ഖമറുദ്ദിൻ എം.എൽ.എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് വീണ്ടും ലോക്കല്‍ പൊലീസിന് കൈമാറി. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്ന 13 കേസുകളുടെ ഫയലുകള്‍ പുതിയ സംഘത്തിന് കൈമാറി. മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാവും ഇനി കേസ് അന്വേഷിക്കുക. കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്കോഡ് എ.എസ്.പി വിവേക് കുമാര്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്പ, തൃശൂര്‍ ഇന്ത്യന്‍ റിസര്‍വ് പൊലീസ് ക്യാമ്പ് കമാന്‍ഡന്റ് നവജ്യോത് ശര്‍മ്മ എന്നിവരുടെ മേല്‍നോട്ടത്തിലാവും ഇനി അന്വേഷണം. ലോക്കല്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സംഘം വിപുലപ്പെടുത്തും.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചില്‍ നിന്നും ലോക്കല്‍ പൊലീസിന് തന്നെ കൈമാറിയത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ 75 ലേറെ പരാതികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇനിയും പരാതികള്‍ ഉണ്ടാവുമെന്നാണ് സൂചന.

കമ്പനിയുടെ പേരില്‍ പുറത്ത് നിന്ന് ഷെയര്‍ പിരിച്ചതായും കടം സ്വീകരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളുടെ അടുത്ത ബന്ധുക്കളായ ചില മുന്‍ ജീവനക്കാര്‍ക്കും നിക്ഷേപ തട്ടിപ്പില്‍ പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം