ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

മലയിന്‍കീഴ്: ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറഞ്ഞി ഒരുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മോഷണം നടത്തിയ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. പെരുങ്കുളം കൊണ്ണിയൂര്‍ പൊന്നെടുത്തകുഴി കോളൂര്‍മേലേ പുത്തന്‍വീട്ടില്‍ പറക്കുംതളിക ബൈജു എന്നറിയപ്പെടുന്ന ജെയിന്‍ വിക്ടര്‍ (41) ആണ് പിടിയിലായത്. 2020 ജൂലൈ മാസത്തിലാണ് ജയില്‍ ശിക്ഷകഴിഞ്ഞ് ഇയാള്‍ പുറത്തിറങ്ങിയത്. വിളപ്പില്‍ശാല നെടിയവിള ഭാഗത്ത്‌നിന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ കവര്‍ച്ചക്കുപയോഗിച്ച മാരകായുധങ്ങളും മോഷ്ടിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.

നെടുമങ്ങാട് ഡി വൈ എസ് പി ഉഷാകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ ബിഎസ് സജിമോന്‍, എസ്‌ഐ വി.ഷിബു, എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധ സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം