ചരിത്രത്തിലെ ഏറ്റവും വലിയ അണുബോംബ് സ്ഫോടനത്തിന്റെ വീഡിയോ പുറത്തു വിട്ട് റഷ്യ

മോസ്കോ : മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ അണുബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് റഷ്യൻ ന്യൂക്ലിയർ എനർജി ഏജൻസി. ഹിരോഷിമയിൽ 1945 ൽ അമേരിക്ക പ്രയോഗിച്ച ‘ലിറ്റിൽ ബോയ്’ എന്ന ബോംബിനെക്കാൾ 3000 ഇരട്ടിയിലേറെ ശക്തമായ ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്.

കൃത്യമായി പറഞ്ഞാൽ ഹിരോഷിമയെ നിമിഷങ്ങൾക്കുള്ളിൽ ചാമ്പലാക്കിയ ബോംബിന്റെ 3333 ഇരട്ടിയാണ് ‘സാർ ബോംബ’ എന്ന് സോവിയറ്റ് യൂണിയൻ പേര് നൽകിയ ഇതിൻറെ പ്രഹരശേഷി.എല്ലാ ബോംബുകളുടെയും രാജാവ് എന്നാണ് ഈ വാക്കിന് അർത്ഥം. 1961 ഒക്ടോബർ 30ന് ആർട്ടിക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹത്തിനു മുകളിൽ വച്ചായിരുന്നു ഇതിൻറെ പരീക്ഷണം.

26 അടി നീളവും 27 ടൺ ഭാരവുമുള്ള ബോംബിന്റെ സ്ഫോടന ശേഷി 50 മില്യൺ ടിഎൻ ടിയ്ക്ക് തുല്യമായിരുന്നു.

അതി തീവ്രമായ സ്ഫോടനവും ആകാശത്തോളം ഉയരത്തിൽ പുകയും അഗ്നിയും ഒരു കൂൺ പോലെ ഉയരുന്നതും വീഡിയോയിൽ കാണാം.

Share
അഭിപ്രായം എഴുതാം