പുല്‍വാമ ആക്രമണം; ഒന്നാം പ്രതി മസൂദ് അസ്ഹര്‍ ഇപ്പോഴും പാക്കിസ്ഥാനിലുണ്ട്; തെളിവുകള്‍ നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി മസൂദ് അസ്ഹര്‍ ഇപ്പോഴും പാകിസ്ഥാനിലുണ്ടെന്ന് എന്‍ഐഎ. കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ തന്നെ ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഘടനയും അതിന് നേതൃത്വം നല്‍കുന്നതും പാക്കിസ്ഥാനില്‍ നിന്നാണ്. കുറ്റപത്രത്തിലെ ആദ്യത്തെ പ്രതി മസൂദ് അസ്ഹര്‍ പാക്കിസ്ഥാനില്‍ അഭയം കണ്ടെത്തുന്നത് ഖേദകരമാണ്. ആവശ്യമായ തെളിവുകള്‍ നല്‍കിയെങ്കിലും പാകിസ്ഥാന്‍ നടപടിയെടുത്തില്ലെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവനാണ് മസൂദ് അസ്ഹര്‍. 1999 വര്‍ഷത്തില്‍ നടന്ന കാണ്ഡഹാര്‍ വിമാനറാഞ്ചലിന് ശേഷം ഇന്ത്യ വിട്ടയച്ച ഭീകരരില്‍ ഒരാളായിരുന്നു മസൂദ് അസ്ഹര്‍. ഇതോടെ അസ്ഹര്‍ കൂടുതല്‍ കരുത്തനായി മാറുകയായിരുന്നു. ഇന്നും ഇന്ത്യ നേരിടുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്നാണ് ഈ സംഭവം. അതിനു ശേഷമായിരുന്നു ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടന അയാള്‍ ആരംഭിക്കുകയും ഇന്ത്യക്കെതിരെയുള്ള പ്രതികാര നടപടികള്‍ ആരംഭിക്കുകയും ചെയ്തത്.

2001 വര്‍ഷത്തില്‍ അരങ്ങേറിയ പാര്‍ലമെന്റ് ആക്രമണമായിരുന്നു ജെയ്ഷ് ഇ മുഹമ്മദ് ഇന്ത്യയില്‍ നടപ്പിലാക്കിയ ആദ്യ വലിയ ഭീകരാക്രമണം. പതിനാറ് ആളുകള്‍ കൊല്ലപ്പെട്ട ആക്രമണമായിരുന്നു അത്. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 2008 ല്‍ ഇന്ത്യയെ ഞെട്ടിച്ച ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു മുംബൈ ഭീകരാക്രമണം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജെയ്ഷ് ഇ മുഹമ്മദ് ആയിരുന്നു. പിന്നീട് 2016ല്‍ പത്താന്‍കോട്ടില്‍ നടത്തിയ ഭീകരാക്രമണം ആണ് ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനയെ വാര്‍ത്തകളില്‍ വീണ്ടും എത്തിച്ചത്. 2019 ഫെബ്രുവരി 14 നാണ് പൂല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണം നടന്നത്. 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്. ഗൂഢാലോചന നടത്തിയവര്‍, ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലായി കൊല്ലപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെ 20 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ ആക്രമണത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജെയ്‌ഷെ കമാന്‍ഡര്‍ ഉമര്‍ ഫറൂക്കിന്റെ വാട്‌സാപ് സന്ദേശങ്ങള്‍, കോള്‍ റെക്കോര്‍ഡിങ്ങുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ കയറ്റിയയച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവയില്‍ നിന്നു ലഭിച്ചതായാണ് വിവരം. പുല്‍വാമ ഭീകരാക്രമണത്തെ പ്രകീര്‍ത്തിക്കുന്ന മസൂദ് അസ്ഹറിന്റെ ശബ്ദ സന്ദേശങ്ങളും വീഡിയോകളും കുറ്റപത്രത്തിലുണ്ട്. ‘നൂറ് ഇന്ത്യന്‍ ഹിന്ദു സൈനികരെ ഇല്ലാതാക്കി’ എന്ന് ആക്രമണത്തിനു പിന്നാലെ ജെയ്ഷ് ഇ മുഹമ്മദ് ടെലഗ്രാം ഗ്രൂപ്പില്‍ വന്ന സന്ദേശവും ഇതില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.

Share
അഭിപ്രായം എഴുതാം