ആകാശത്ത് വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഐഡഹോയില്‍ രണ്ട് വിമാനങ്ങള്‍ പറക്കലിനിടെ കൂട്ടിയിടിച്ചു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തടാകത്തിനു മുകളില്‍വച്ച് ഞായറാഴ്ചയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. തകര്‍ന്നുവീണ വിമാനങ്ങള്‍ തടാകത്തില്‍ മുങ്ങിത്താണു. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തടാകത്തിന്റെ 127 അടി താഴെ കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പൗഡര്‍ഹോണ്‍ ബേയിലെ, കോവര്‍ അലീന എന്ന തടാകത്തിനു മുകളില്‍ വന്‍തോതില്‍ വിമാന ഇന്ധനം കാണപ്പെട്ടിരുന്നു. കൂട്ടിയിടിച്ച വിമാനങ്ങളില്‍ ഒന്ന് സിസ്‌ന 206 ആണെന്നു കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ വിമാനം ഏതിനമാണെന്ന് വ്യക്തമായിട്ടില്ല.

വിമാനം ആകാശത്തുവച്ച് കൂട്ടിയിടിച്ചതു സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം പറയാറായിട്ടില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് സംഘം അന്വേഷണത്തിലാണ്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അപകടകാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ.

ഭൂമിയില്‍ സഞ്ചിരിക്കുന്ന വാഹനങ്ങള്‍ക്കെന്നതുപോലെ ആകാശത്ത് പറക്കുന്ന വിമാനങ്ങള്‍ക്കും ട്രാഫിക്ക് നിയമങ്ങളുണ്ട്. വിമാനങ്ങള്‍ പറക്കേണ്ട ഉയരത്തെ സംബന്ധിച്ച് അതില്‍ വ്യക്തമായി പറയുന്നു. ഇന്ന വിമാനം ഇത്ര മീറ്റര്‍ ഉയരത്തില്‍ പറക്കണം എന്ന നിയമം അനുശാസിക്കുന്ന ഉയരത്തില്‍ മാത്രമേ പറക്കാവൂ. വ്യത്യസ്ത ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ ഒരിക്കലും നേര്‍രേഖയില്‍ വരാതിരിക്കാനാണ് ഇത്തരം ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്.

രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിക്കുകയാണെങ്കില്‍ അതിലൊന്നിന് സാങ്കേതിക തകരാര്‍ ഉണ്ടായിരിക്കാന്‍ സാധ്യത ഏറെയാണ്. വിമാനത്തിന്റെ വാലറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന ബ്ലാക് ബോക്‌സ് കണ്ടെത്തിയാല്‍ എന്തുതരം സാങ്കേതിക തകരാറാണ് വിമാനത്തിനു സംഭവിച്ചതെന്ന് കണ്ടെത്താനാവും.

Share
അഭിപ്രായം എഴുതാം