രണ്ടര വയസുകാരി ജിന്‍സിക്ക് കണ്ണിന് കാന്‍സര്‍: ചികിത്സച്ചെലവ് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തു

കൊച്ചി: കണ്ണിന് കാന്‍സര്‍ ബാധിച്ച രണ്ടര വയസുകാരി ജിന്‍സിയുടെ ചികിത്സച്ചെലവ് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തു. മണീട് പാമ്പ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ബിജു- മഞ്ജു ദമ്പതികളുടെ മകള്‍ (രണ്ടര) ജിന്‍സിയുടെ ചികിത്സയ്ക്കാണ് മിഷന്റെ ഇടപെടല്‍ ആശ്വാസമായത്. കഴിഞ്ഞ ഏഴുമാസമായി മധുര അരവിന്ദ് കണ്ണാശുപത്രിയിലെ ചികിത്സയിലാണ് ജിന്‍സി. കൈയില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ കുട്ടിയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചുകഴിഞ്ഞു. തുടര്‍ചികിത്സയ്ക്കായി പല വഴികളും ശ്രമിച്ചെങ്കിലും ഒന്നും വിജയംകണ്ടില്ല. തുടര്‍ന്ന് മാതാപിതാക്കളായ ബിജുവും മഞ്ജുവും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ ബന്ധപ്പെട്ടു. ഇതേത്തുടര്‍ന്ന് കുട്ടിക്ക് ആവശ്യമായ ചികിത്സാ സൗകര്യമൊരുക്കാന്‍ മന്ത്രിയുടെ ഓഫീസ് സാമൂഹ്യ സുരക്ഷാ മിഷന് നിര്‍ദേശം നല്‍കി.

മധുര അരവിന്ദ് ആശുപത്രിയില്‍ പോയി കീമോതെറാപ്പി ചെയ്ത് മടങ്ങിവരുന്നതിന് ആംബുലന്‍സും മറ്റ് ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്തു. യാത്ര ചെയ്യുന്നതിനായി കേരള തമിഴ്‌നാട് സര്‍ക്കാരുകളുടെ പാസും തരപ്പെടുത്തി. വെള്ളിയാഴ്ച കാലത്ത് ജിന്‍സിയും മഞ്ജുവും ബിജുവും സര്‍ക്കാര്‍ അനുവദിച്ച ആംബുലന്‍സില്‍ മധുരയിലേക്ക് പോയി. സര്‍ക്കാരിന്റെ അടിയന്തരസഹായം ലഭിച്ചതില്‍ ഏറെ ആശ്വാസത്തിലാണ് ജിന്‍സിയുടെ കുടുംബം. സുജിന്‍, സുബിന്‍ എന്നിവര്‍ ജിന്‍സിയുടെ സഹോദരങ്ങളാണ്.

Share
അഭിപ്രായം എഴുതാം