ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി; രാജ്യത്തിന്റെ പരമാധികാരത്തില്‍ തൊട്ടാല്‍ തിരിച്ചടിക്കും, നിര്‍ണായക വെളിപ്പെടുത്തലുമായി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ കടന്നുകയറിയിട്ടുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ചൈന ഇന്ത്യയുടെ ശത്രുവല്ല. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടുകളിച്ചാല്‍ വേണ്ടവിധം പ്രതികരിക്കും. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ വന്‍തോതിലുള്ള സൈനികസാന്നിധ്യം ഉണ്ടായി എന്നതു സത്യമാണ്. ചൈനീസ് സൈന്യം നിയന്ത്രണരേഖയിലുണ്ട്. അതിര്‍ത്തി എവിടെയാണെന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ന്ന് എന്താണോ ചെയ്യേണ്ടത് അതു ചെയ്യുന്നുണ്ടെന്നും പറഞ്ഞു. മുതിര്‍ന്ന സൈനികര്‍ തമ്മിലുള്ള ചര്‍ച്ച ശനിയാഴ്ച നടന്നേക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗാല്‍വന്‍ റിവര്‍ മേഖലയില്‍ 5000ലധികം ചൈനീസ് സൈനികര്‍ കടന്നുകയറുകയും റോഡ് നിര്‍മിക്കുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ക്കു കാരണം. ബദലായി ഇന്ത്യയും അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചു. പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മുമ്പ് ദോക്‌ലാമുമായി ബന്ധപ്പെട്ട പ്രശ്നം ഉയര്‍ന്നപ്പോഴും ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യ- ചൈന അതിര്‍ത്തിപ്രശ്നത്തില്‍ ഇടനിലക്കാരനാവാനുള്ള അമേരിക്കയുടെ താത്പര്യം തള്ളിയെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ടെലിഫോണില്‍ മോഡി ഇക്കാര്യം ചര്‍ച്ചചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തേ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത ട്രംപ് വ്യക്തമാക്കിയെങ്കിലും ഇന്ത്യയും ചൈനയും അനുകൂലമായി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

Share
അഭിപ്രായം എഴുതാം