ദേവികയുടെ മരണത്തിന് ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനാണെന്ന് ആരോപിച്ച് യുവമോര്‍ച്ച ഉപരോധം

തിരുവനന്തപുരം: ദേവികയുടെ മരണത്തിന് ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനാണെന്ന് ആരോപിച്ച് യുവമോര്‍ച്ച വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ഉപരോധം നടത്തി. ഒരു മുന്നൊരുക്കവും നടത്താതെ തിടുക്കത്തില്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തം ഉണ്ടാവാനുള്ള കാരണം. 2.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലെന്ന് സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നു. എന്നാല്‍, യാഥാര്‍ഥ്യം അതിലും കൂടുതലാണ്.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. പ്രധാനാധ്യാപകര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന നിര്‍ദേശം നല്‍കുകയല്ലാതെ അതിനുവേണ്ട സാമ്പത്തിക സഹായമുള്‍പ്പെടെ ഒന്നും ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ല. മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ എല്ലാവരിലും എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. വായനശാലകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ കുട്ടികള്‍ക്കും ക്ലാസുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം