നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ആളെക്കൂട്ടി പ്രാര്‍ഥന നടത്തിയതിന് പൂജാരിയെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ആളെക്കൂട്ടി പ്രാര്‍ഥന നടത്തിയതിന് പൂജാരി ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു. ശനീശ്വര ക്ഷേത്രത്തില്‍ മെയ് 22നാണ് ദാതി മഹാരാജ് നിരവധി പേരെ സംഘടിപ്പിച്ച് പ്രാര്‍ഥന നടത്തിയത്. അതേസമയം, മഹാരാജിന് ഉടന്‍തന്നെ ജാമ്യം ലഭിച്ചു. പോലീസ് ചുമത്തിയ എല്ലാ വകുപ്പുകളും ജാമ്യം ലഭിക്കുന്നവയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ശനി ജയന്തി വേളയില്‍ നടത്തിയ പ്രാര്‍ഥനയില്‍ വയോധികരും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ലോക്ഡൗണ്‍ നിയന്ത്രണനിയമങ്ങള്‍ ലംഘിച്ചും സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമായിരുന്നു ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഫത്തേപൂര്‍ ബേരിയിലെ ആശ്രമത്തില്‍വച്ച് 25കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ആളാണ് ദാതി.

Share
അഭിപ്രായം എഴുതാം