അണലിയെ കൊണ്ട് കടിപ്പിച്ചതിൽ നിന്നും രക്ഷപ്പെട്ട്‌ വീട്ടിൽ വന്നതിന്റെ രണ്ടാം ദിവസം സൂരജ് മൂർഖൻ പാമ്പിനെ 5000 രൂപ കൊടുത്തു വാങ്ങി. ഉത്തരയുടെ മരണം ഭർത്താവ് നടത്തിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ കരിമൂർഖനെ തുറന്നുവിട്ടു രണ്ടു തവണ കടിപ്പിച്ചു.

കൊല്ലം: രാത്രിയിൽ ഉറക്കത്തിലായ ഉത്തരയുടെ ദേഹത്ത് പാമ്പിനെ അഴിച്ചുവിട്ട ശേഷം പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയായിരുന്നു. രണ്ടു തവണ പാമ്പ് കടിക്കുമ്പോൾ നോക്കി തൊട്ടടുത്തു നിൽക്കുകയായിരുന്നു സൂരജ്. പാമ്പിനെ വലിയൊരു കുപ്പി പാത്രത്തിലാക്കി ചാക്കിൽ പൊതിഞ്ഞാണ് ഉത്തരയുടെ വീട്ടിൽ സൂരജ് എത്തിയിരുന്നത്. ഉത്തരയെ രണ്ടുതവണ കടിച്ചതോടെ പാമ്പിനെ പിടികൂടി തിരികെ കുപ്പി പാത്രത്തിൽ ആക്കുവാൻ ശ്രമിച്ചു. പക്ഷേ പ്രകോപനം തീരാതെ പാമ്പ് അയാളെ കൊത്തി. കടിയിൽ നിന്ന് ഒഴിവായ അയാൾ പാമ്പിനെ പിടികൂടുന്നത് അവസാനിപ്പിച്ചു. നേരം പുലരുന്നത് വരെ കട്ടിലിൽ കയറി പാമ്പിനെയും ഉത്തരയും നിരീക്ഷിച്ചിരുന്നു.

Read more… ഉത്തരയുടെ ഭർത്താവിന് പാമ്പുപിടുത്തക്കാരനുമായി ബന്ധം. രണ്ടു തവണ പാമ്പുകടിയേറ്റതും രണ്ടാം തവണത്തെ പാമ്പുകടിയിൽ മരണപ്പെട്ടതും സംശയകരം എന്ന് മാതാപിതാക്കൾ, പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ചാത്തന്നൂർ ഉള്ള പാമ്പുപിടുത്തക്കാരുമായി അടുപ്പത്തിലായിരുന്നു സൂരജ്. ഇവരിൽ നിന്നാണ് വിലകൊടുത്ത് പാമ്പിനെ വാങ്ങിയത്. 5000 രൂപ കൊടുത്തു അണലിയെ ആണ് ആദ്യം വാങ്ങിയത്. മാർച്ച് മാസം ഇരുപത്തിയാറാം തീയതി ആയിരുന്നു അത്. ഒരു കാറിൽ പാമ്പിനെ കൊണ്ടുവന്ന് സൂരജിനെ ഏൽപ്പിക്കുകയായിരുന്നു ചാത്തന്നൂർകാർ ചെയ്തത്. സൂരജിന്റെ ലക്ഷ്യങ്ങൾ അവർക്ക് അറിയുമായിരുന്നില്ല. പാമ്പിനെ കിട്ടിയ അന്ന് തന്നെ ഉത്തരയെ കടിപ്പിക്കുവാൻ ലക്ഷ്യമിട്ട് വീടിനുള്ളിൽ രണ്ടാംനിലയിൽ തുറന്നുവിട്ടു. രണ്ടാം നിലയിൽ വെച്ചിരിക്കുന്ന മൊബൈൽ എടുത്തു കൊണ്ടുവരാൻ പറഞ്ഞ് ഉത്തരയെ അങ്ങോട്ട് അയച്ചു. ഗോവണി പടിയിൽ പാമ്പിനെ കണ്ട് ഭയന്ന ഉത്തര നിലവിളിച്ചു. ഓടിവന്ന് സൂരജ് വളരെ നിസ്സാരമട്ടിൽ അണലിയെ കടന്നു പിടിച്ച് ചാക്കിലാക്കി കൊണ്ടുപോയി. ഈ സംഭവത്തെപ്പറ്റി ഉത്തര വീട്ടുകാരെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പാമ്പിനെ പിടിച്ചു കൊണ്ടുപോയ ഭർത്താവിന്റെ ധൈര്യത്തെപ്പറ്റി പ്രശംസിച്ച് ആയിരുന്നു പറഞ്ഞത്.

ഇതിന് മൂന്നാം ദിവസം, മാർച്ച് 29ന് വൈകിട്ട് വീടിന് പുറത്ത് മുറ്റത്തു വെച്ച് അണലി പാമ്പ് കടിച്ചു. ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് സൂരജ് മനപ്പൂർവ്വം അമാന്തം കാണിച്ചു. 3 മണിക്കൂർ വൈകിയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇതിനോടകം ഉത്തരയുടെ നില അതീവഗുരുതരമായി മാറിയിരുന്നു. രക്ഷപ്പെടുമെന്ന പ്രതീക്ഷ ഡോക്ടർമാർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ അത്ഭുതകരമായി ജീവൻ തിരിച്ചുപിടിച്ച ഉത്തര ഏപ്രിൽ 22ന് ആശുപത്രിവിട്ടു. അഞ്ചലിലുള്ള കുടുംബ വീട്ടിലേക്കാണ്‌ അവിടെ നിന്ന് പോയത്. ആദ്യത്തെ ശ്രമത്തിൽനിന്ന് ജീവൻ തിരിച്ചുപിടിച്ച ഉത്തരയുടെ പിന്നാലെ കാലനായി സൂരജ് ഉണ്ടായിരുന്നു. ആശുപത്രി വിട്ടു വീട്ടിൽ എത്തിയതിന്റെ രണ്ടാം നാൾ ഏപ്രിൽ 24 നു തന്നെ ചാത്തന്നൂർ സംഘത്തിൽനിന്ന് പാമ്പിനെ സൂരജ് കരസ്ഥമാക്കി.

ഇത്തവണ മൂർഖൻ പാമ്പിനെ ആണ് വാങ്ങിയത്. ഉത്തരയെ ലക്ഷ്യമിട്ടു മെയ് 6 വരെ പാമ്പിനെ അയാൾ സൂക്ഷിച്ചു. നേരത്തെ ഉണ്ടായ പാമ്പുകടിയുടെ തുടർ ചികിത്സയ്ക്കായി പുഷ്പഗിരി ആശുപത്രിയിൽ പോകുവാൻ ഉത്തര അഞ്ചലിൽ പിതാവിൻറെ വീട്ടിലെത്തി. ഒരു വയസ്സുള്ള മകൻ ഗുരുവിനെ വീട്ടിൽ നിർത്തിയിട്ട് ആയിരുന്നു അഞ്ചലിലേക്ക് പോയത്. സന്ധ്യയായപ്പോൾ സൂരജ് പാമ്പിനെ ചില്ലു കുപ്പിയിൽ അടച്ച് അതൊരു ചാക്കിൽ പൊതിഞ്ഞ് അഞ്ചലിൽ വീട്ടിലെത്തി. എസി മുറിയിൽ ഇരുവരും രണ്ട് കട്ടിലിലാണ് ഉറങ്ങാൻ കിടന്നത്. ഉത്തര ഉറക്കമായതോടെ പാമ്പിനെ തുറന്നുവിട്ടു കടിപ്പിക്കുകയായിരുന്നു. പാമ്പുകടിച്ച കാര്യം വീട്ടുകാരോട് പറഞ്ഞതും മുറിക്കുള്ളിലുള്ള പാമ്പിനെ കണ്ടെത്തി കൊന്നതും അയാൾ തന്നെയായിരുന്നു.

അണലിയുടെ കടിയേറ്റതിനു പിന്നാലെ ഉത്തരയെ സ്വന്തം വീട്ടിൽ വച്ച് മൂർഖൻ കടിച്ച് മരണം സംഭവിച്ച വിവരം വാർത്തയായി. ചാത്തന്നൂർ കാരായ പാമ്പ് പിടുത്തക്കാർ ഈ വാർത്ത അറിഞ്ഞു. കുറ്റകൃത്യത്തിൽ പങ്കില്ലാത്ത അവർക്ക് ഇതേപ്പറ്റി സംശയമായി. അവർ പോലീസിനെ സമീപിച്ച് സൂരജ് പാമ്പിനെ വാങ്ങിയ കാര്യം അറിയിച്ചു. പാമ്പിനെ ഉപയോഗിച്ച് കൊല നടത്തിയ ശേഷം തുടർന്നുള്ള ആറ് ദിവസങ്ങളിൽ സൂരജ് ഭാര്യ വീട്ടിൽ ഉണ്ടായിരുന്നു. അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആയിരുന്നു.

അല്പം ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയായിരുന്നു ഉത്തര. ഇക്കാര്യം സൂരജിനേയും വീട്ടുകാരേയും അറിയിച്ചതിനു ശേഷമാണ് വിവാഹം നടത്തിയത് എന്ന് ഉത്തരയുടെ പിതാവ് പറയുന്നു. ഉത്തരയുടെ ഈ കുറവ് പരിഗണിച്ച് സൂരജിനേയും വീട്ടുകാരെയും പ്രീതിപ്പെടുത്തുവാൻ അധികം സമ്പത്ത് നൽകിയിരുന്നു. 98 പവൻ സ്വർണം, 15 ലക്ഷം രൂപ, മൂന്നേക്കർ റബർ തോട്ടം, ബോലേറോ വാഹനം ഇത്രയും വിവാഹ സമയത്ത് നൽകി. രണ്ടുവർഷം മുമ്പ് നടന്ന വിവാഹത്തിന് ശേഷവും പണം സൂരജിന് നൽകി. ഇതെല്ലാം കൈവശപ്പെടുത്തി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി ആർക്കും സംശയവും കൊടുക്കാതെ രക്ഷപ്പെടാനായിരുന്നു പദ്ധതി. വൈകാതെ മറ്റൊരു വിവാഹം കഴിക്കുവാനും പരിപാടി ഇട്ടിരുന്നു. അതിസമർത്ഥമായി സൂരജ് നടപ്പാക്കിയ പദ്ധതിക്ക് പിന്നിൽ അയാളുടെ ബന്ധുക്കൾ അടക്കം മറ്റുള്ളവരുടെ പങ്കു പരിശോധിക്കുന്നുണ്ട്.

സൂരജ് പോലീസിനോട് കുറ്റസമ്മതം നടത്തി കഴിഞ്ഞു. അയാളെയും കൂട്ടി തെളിവെടുപ്പ് നടന്നുവരികയാണ്. നാളെ(25-05-2020)തിങ്കളാഴ്ച വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.

Share
അഭിപ്രായം എഴുതാം