കൊച്ചി: ഹാഷിഷുമായി പള്ളുരുത്തിയില്‍ യുവാവ് പിടിയിലായി. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ തീണ്ടിപുറത്ത് വീട്ടില്‍ ഫഹദ് ഫസല്‍(21)നെയാണ് ആലുവ തോട്ടക്കാട്ടുകരയില്‍ വാഹനപരിശോധനയ്ക്കിടെ ഒരു ഗ്രാം ഹാഷിഷും 60 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാഹനം ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്നുകള്‍ കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടികൂടിയിട്ടുണ്ട്. വാഹനം ഓടിച്ച കൊടുങ്ങല്ലൂരിലുള്ള നിച്ചു എന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് നിച്ചു. 10 ഗ്രാം ഹാഷിഷ് ഓയിലിന് 7000 രൂപ മുതല്‍ 9000 രൂപ നിരക്കിലാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്.
ലോക് ഡൗണ്‍ കാലഘട്ടത്തില്‍ പച്ചക്കറി വണ്ടികളുടെയും കണ്ടെയ്നര്‍ ലോറികളുടെയും മറവിലാണ് ഇവര്‍ കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിച്ചുകൊണ്ടിരുന്നത്. എക്സൈസ് സംഘം ആഴ്ചകളായി പ്രതികളെ നിരീക്ഷിച്ചുവരുകയായിരുന്നു. ആലുവ ഭാഗത്ത് മുറികള്‍ വാടകയ്‌ക്കെടുത്ത് ആഡംബര വാഹനം ഉപയോഗിച്ചായിരുന്നു പ്രതികള്‍ മയക്കുമരുന്ന് വ്യാപാരം നടത്തിവന്നിരുന്നത്.